Image Credit: facebook.com/NongthombamBirensingh
മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നയാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേൻ സിംഗ്. മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യം എന്നാണ് സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ ദുഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇതിന് ഉത്തരവാദികളായവരെ മനുഷ്യരായി കണക്കാക്കാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. അതേസമയം പ്രചരിക്കുന്ന വിഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിഡിയോ രണ്ട് മാസം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. കഴിഞ്ഞ മെയ് നാലിനാണ് സംഭവം നടന്നതെന്ന് പൊലീസും പ്രതികരിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകളെ നഗ്നയാക്കി റോഡിൽ കൂടി നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വന്‍ ജനരോഷമാണ് രാജ്യത്ത് ഉണ്ടാകുന്നത്. കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം മണിപ്പുരില്‍ സമാധാനം പുനസ്ഥാപിക്കണം എന്നീ ആവശ്യങ്ങളും ശക്തമാണ്.
സംഭവത്തില്‍ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയും രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണ് നടന്നതെന്നും. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. രാജ്യത്തിനാകെ നാണക്കേടുണ്ടാകുന്ന സംഭവമാണ് മണിപ്പുരിലുണ്ടായതെന്നും ഉത്തരവാദികളെ വെറുതേ വിടില്ലെന്നും പ്രധാമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. ഇതാദ്യമായാണ് മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയുന്നത്.
Manipur; Considering capital punishment for the criminals, says CM