രണ്ടായിരം രൂപയുടെ നോട്ട് വിനിമയത്തില്‍നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ. നിലവിലുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30നകം ബാങ്കുകളില്‍നിന്ന് മാറ്റിയെടുക്കാം. ഒറ്റത്തവണ 20,000 രൂപയാണ് മാറ്റിയെടുക്കാവുന്നതെങ്കിലും നിക്ഷേപിക്കുന്നതിന് പരിധിയില്ല. 2000ത്തിന്‍റെ നോട്ടുകള്‍ അവതരിപ്പിച്ചതിന്‍റെ ലക്ഷ്യം കൈവരിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് രാജ്യത്തിന്‍റെ കേന്ദ്രബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബാങ്കുകളോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ആളുകള്‍ക്ക് വിതരണം ചെയ്യരുതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. നിലവിലുള്ള നോട്ടുകള്‍ക്ക് മൂല്യമുണ്ടായിരിക്കും. എന്നാല്‍ 2023 സെപ്റ്റംബറിനകം മാറ്റിയെടുക്കണം.
റിസര്‍വ് ബാങ്കിന്‍റെ കേന്ദ്രങ്ങളില്‍നിന്നും മറ്റ് ബാങ്കുകളില്‍നിന്നും മേയ് 23 മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാം. എന്നാല്‍ പരാമാവധി 10 നോട്ടുകള്‍, അതായത് ഇരുപതിനായിരം രൂപയാണ് ഈ വിധത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കുക. എന്നാല്‍ നിക്ഷേപിക്കുന്നതിന് പരിധിയില്ല. സമയബന്ധിതമായി തീരുമാനം നടപ്പിലാക്കാന്‍ ബാങ്കുകള്‍ പ്രത്യേക സൗകര്യമൊരുക്കണമെന്നും ആര്‍ബിഐ നിര്‍ദേശിക്കുന്നു. സെപ്റ്റംബര്‍ 30ന് ശേഷവും ആളുകള്‍ക്ക് 2000 രൂപ നോട്ടുകള്‍ വിനിമയം നടത്താനായേക്കും. എങ്കിലും ആര്‍ബിഐ ഉദ്ദേശിക്കുന്നത് ആളുകള്‍ 2000 രൂപ നോട്ടുകള്‍ പൂര്‍ണായി ഒഴിവാക്കുക എന്നാണ്. 2018നുശേഷം ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. 2018ല്‍ രാജ്യത്ത് വിനിമയത്തിലുള്ള രണ്ടായിരം രൂപ നോട്ടുകള്‍ 37 ശതമാനത്തിലേറെയായിരുന്നു.
എന്നാല്‍ 2023 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം കേവലം പത്തുശതമാനമായി കുറഞ്ഞു. നാല് അല്ലെങ്കില്‍ അഞ്ച് വര്‍ഷമാണ് നോട്ടുകളുടെ ആയുസ്സ് കണക്കാക്കിയിരുന്നത്, ഇപ്പോഴുള്ള നോട്ടുകള്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിന് മുന്‍പ് അച്ചടിച്ചതും. ഇതോടെ ക്ലീൻ നോട്ട് പോളിസി അഥവ നിലവാരമുള്ള നോട്ടുകള്‍ ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള ആര്‍ബിഐ നയപ്രകാരമാണ് പിന്‍വലിക്കല്‍. നിലവില്‍ വിനിമയത്തിലുള്ള രണ്ടായിരത്തിന്‍റെ നോട്ടുകളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം ബാങ്കുകളിലോ എടിഎമ്മുകളിലോ തിരക്ക് കൂടുന്നതിന് ഇടയാക്കിയേക്കില്ല. .
₹ 2,000 Notes To Be Withdrawn, Exchange Them By September 30