thrissur-pooram-kudamattom-

പൂരനഗരിയിൽ ഇക്കുറി ലയണൽ മെസിയുമെത്തി. പട്ടുകുടകൾക്കും, എൽ.ഇ.ഡി കുടകൾക്കുമൊപ്പം ലോക കിരീടവുമായാണ് മെസി കുടമാറ്റത്തിലെത്തിയത്. പതിവുപോലെ ആസ്വാദകരുടെ കണ്ണും മനസും നിറച്ചായിരുന്നു പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാർ ഗജവീരന്മാർക്ക് മുകളിൽ വർണക്കാഴ്ചകളൊരുക്കിയത്. ഇലഞ്ഞിത്തറയിലും ശ്രീമൂലസ്ഥാനത്തും മേളം പെയ്തൊഴിഞ്ഞതിന് പിന്നാലെ തെക്കേ ഗോപുര നടയ്ക്ക് മുന്നിൽ വിസ്മയങ്ങളുയർന്നു. ജനലക്ഷങ്ങൾക്ക് മുന്നിൽ വർണക്കുടകൾ മത്സരിച്ചുയർത്തി തിരുവമ്പാടിയും പാറമേക്കാവും. പട്ടുകുടകൾ നിലക്കുടകൾക്കും പിന്നീടവ സ്പെഷൽ കുടകൾക്കും വഴിമാറിയപ്പോൾ മതിമറന്നാരവം മുഴക്കി ആസ്വാദകർ. ഇരുളിന്റെ സൗന്ദര്യം വിളിച്ചറിയിച്ച് എൽ.ഇ.ഡി കുടകൾ വെളിച്ചത്തിന്റെ സംഗീതം പൊഴിച്ചു. ഒടുവിൽ കാൽപ്പന്തുകളിയിലെ വിശ്വജേതാവ് കിരീടവുമായി ഗജവീരന്മാർക്ക് മുകളിലുയർന്നതോടെ ആരവങ്ങൾ ഉച്ചസ്ഥായിയിലെത്തി.

പൂരാവേശത്തില്‍ തൃശൂര്‍. ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസും നിറച്ചു. പൂരപ്രേമികളെ ത്രസിപ്പിച്ച് മേളപ്രമാണി കോങ്ങാട് മധുവിന്‍റെ നേതൃത്വത്തില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം അരങ്ങേറി. 

പൂരനഗരിയിലേക്ക് മാസ് എൻട്രിയുമായി കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമചന്ദ്രനെ കാണാൻ ആയിരങ്ങളാണ് തെരുവോരങ്ങളിൽ കാത്തുനിന്നത്. പൂരനഗരിയിൽ ആവേശത്തിന്റെ പുതുചരിത്രം സൃഷ്ടിച്ചായിരുന്നു രാമന്റെ വരവ്.

 

Thrissur Pooram Kudamattam