atiq-ahmad-5

 

ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി എംപിയുമായിരുന്ന അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാര്‍ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ പ്രശസ്തി നേടാനാണ് കൃത്യം ചെയ്തതെന്നാണ് പ്രതികളുടെ മൊഴി. ഉത്തര്‍ പ്രദേശില്‍ നിരോധനാജ്ഞ തുടരുകയാണ്. മൂന്ന് പ്രതികളെ  പ്രയാഗ്‌രാജ് കോടതി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതിഖിന്റെയും അഷ്റഫിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

 

അലഹബാദ് ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍ ത്രിപാഠിയാകും ജുഡീഷ്യല്‍ കമ്മിഷനെ നയിക്കുക. ജില്ലാ ജഡ്ജിയായി വിരമിച്ച ബ്രിജേഷ് കുമാര്‍ സോനി, ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സുബേഷ് കുമാര്‍ സിങ്ങുമാണ് മറ്റ് അംഗങ്ങള്‍. കമ്മിഷന്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ഇന്നലെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. സംസ്ഥാന വ്യാപക നിരോധനാജ്ഞയ്ക്ക് പുറമെ പ്രയാഗ്‌രാജില്‍ ഇന്‍റര്‍നെറ്റ് വിലക്കും ഏര്‍പ്പെടുത്തി. 

 

യോഗി ആദിത്യനാഥ് മുതല്‍ പലര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ അയയ്ക്കാമെന്ന് കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. ചക്കിയയിലും രാജ്‌രൂപ്‌ പൂരിലും കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കൊലയാളി സംഘത്തിലെ ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ആതിഖ് പൊലീസ് കസ്റ്റഡിയിലായപ്പോള്‍ മുതല്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നും പ്രതികള്‍ വെളിപ്പെടുത്തി. പ്രശസ്തിയായിരുന്നു പ്രതികളുടെ ലക്ഷ്യം. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷ മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. പ്രതികള്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന കടന്നുകയറി കൊലപാതകം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

 

Atiq Ahmad: All three assailants sent to 14-day custody