innocent-amma

TAGS

താരസംഘടനയായ അമ്മയെ പ്രസിഡന്റ് സ്ഥാനത്തിരുന്ന് ഏറ്റവും കൂടുതൽ കാലം നയിച്ചയാളാണ് ഇന്നസെന്റ്. പതിനെട്ട് വർഷക്കാലം സംഘടനയെ നയിച്ച ഇന്നസെന്റ് തന്നെയാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിനെ എത്തിക്കാൻ മുൻപന്തിയിൽ നിന്നതും.  

 

രാഷ്ട്രീയം, സമദൂരം, സൗഹൃദം. ഈ മൂന്ന് കാര്യങ്ങളാണ് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നസെന്റിനെ എത്തിച്ചത്. ഇരുപത്തിയെട്ട് വർഷം പ്രായമുള്ള താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഇന്നസെന്റ് എത്തുന്നത് എം.ജി.സോമനും മധുവിനും പിന്നാലെയാണ്. രണ്ടായിരം മുതൽക്ക് പതിനെട്ട് വർഷം ആറ് ഭരണസമിതിക്ക് ഇന്നസെന്റ് നേതൃത്വം നൽകി. സംഘടനയെന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച്  മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം സ്വരം കടുപ്പിക്കേണ്ടയിടത്ത് വിട്ടുവീഴ്ചയില്ലാതെയും നിലപാടെടുത്ത ഇന്നസെന്റിനെ അമ്മയിലെ ഇ.കെ.നായനാരെന്ന് വിശേഷിപ്പിച്ചവർ നിരവധി. അമ്മയിലെ അംഗങ്ങൾക്ക് ഇൻഷുറൻസ് എന്ന ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ ആശയത്തിന് പൂർണപിന്തുണ നൽകി നടപ്പാക്കിയ പ്രസിഡന്റ്. അമ്മ സിനിമ നിർമിച്ചപ്പോൾ വിലക്കിന്റെ ഭാഷ സംസാരിച്ച സിനിമാസംഘടനയെ പ്രതിരോധിച്ച് ട്വന്റി-ട്വന്റി യാഥാർഥ്യമായതിലും ഇന്നസെന്റിന്റെ പങ്ക് വലുതാണ്. 

 

ഇടവേള എന്ന സിനിമയിൽ ഇരിങ്ങാലക്കുടക്കാരനായ പുതുമുഖം ബാബുവിനെ എത്തിച്ചതും ഇന്നസെന്റ് ആയിരുന്നു. അതേ ഇടവേള ബാബു ജനറൽ സെക്രട്ടറിയും ഇന്നസെന്റ് പ്രസിഡന്റുമായി അമ്മയെന്ന സംഘടനയെ നയിച്ചത് ചരിത്രം. സംഘടനയുമായുള്ള സംഘർഷത്തിൽ പുറത്തായ തിലകന്റെ കാര്യത്തിലടക്കം ഇന്നസെന്റിന്റെ നിലപാടുകൾ നിർണായകമായി. അഞ്ച് ഭരണസമിതികളെ നയിച്ച് പിന്മാറാൻ താൽപര്യമറിയിച്ച ഇന്നസെന്റ്  പക്ഷെ ഒരു ടേം കൂടി തുടർന്നു. 2018ൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിനെ എത്തിച്ചതും ഇന്നസെന്റിന്റെ നിലപാടായിരുന്നു. 

 

സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണമെന്ന് പറഞ്ഞ ഇന്നസെന്റ് യുദ്ധം വന്നാൽ പിന്നോട്ട് വലിയില്ലെന്ന് പുതിയ പ്രസിഡന്റ് മോഹൻലാലിനെ കുറിച്ച് സംഘടനയ്ക്കുള്ളിൽ പറഞ്ഞുവച്ചു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴും അമ്മ ഇന്നസെന്റിനോട് അഭിപ്രായങ്ങൾ ആരാഞ്ഞു. അമ്മയ്ക്കൊപ്പം ചേർന്ന് നിന്നു ഇന്നസെന്റും.