തിരുവനന്തപുരം ആനാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് ജോലി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. തൊഴിലാളികളുടെ പേരില്‍ സ്വകാര്യ കരാറുകാരന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന മനോരമ ന്യൂസ് കണ്ടെത്തല്‍ ഓംബുഡ്സ്മാനും സ്ഥിരീകരിച്ചതോടെയാണ് നടപടി. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്നും റിപ്പോര്‍ട്ട്.
തൊഴിലുറപ്പ് ജോലികള്‍ ചട്ടം ലംഘിച്ച് കരാറുകാരന് നല്‍കിയ ശേഷം ജോലി ചെയ്യാത്ത തൊഴിലാളികളുടെ പേരില്‍ വ്യാജരേഖ തയാറാക്കി പണം തട്ടിയെടുത്തെന്ന വാര്‍ത്ത ശരിവയ്ക്കുകയാണ് ജില്ലാ ഓംബുഡ്സമാന്‍. തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങളെല്ലാ ലംഘിച്ച് ജോലി പൂര്‍ണമായും നടത്തിയത് കരാറാകാരനെന്ന് അന്വേഷണ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സീയര്‍, അക്കൗണ്ടന്റ് എന്നീ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്നും കണ്ടെത്തല്‍.
ഗുരുതര വീഴ്ച സംഭവിച്ചൂവെന്ന് കണ്ടെത്തിയിരിക്കുന്ന ഓവര്‍സീയര്‍, സി.ഐ.ടി.യുവിന്റെ തൊഴിലുറപ്പ് തൊഴിലാളി ഘടകത്തിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമാണ്. ഇതോടെ തട്ടിപ്പിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന ആക്ഷേപത്തിന് ബലമേറുകയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയും തൊഴിലാളികളുടെ പേരില്‍ വ്യാജ ഒപ്പിട്ടവരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണവും ജില്ലാ ഓംബുഡ്സ്മാന്‍ സാം ഫ്രാങ്ക്ളിന്‍ നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് തിരുവനന്തപുരം ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്.
Ombudsman report on MGNREGA scheme fraud