എലേന റിബകീന, അരീന സബലേങ്ക

 

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ ഫൈനലില്‍ കസഖ്സ്ഥാന്റെ എലേന റിബകീന ബെലാറൂസിന്റെ അരീന സബലേങ്കയെ നേരിടും. റോഡ്‍ലേവര്‍ അരീനയില്‍ ന‌ടന്ന ആദ്യസെമിയില്‍ റിബകീന മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ വിക്ടോറിയ അസരെങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. വിംബിള്‍ഡണ്‍ ജേതാവായ റിബകീനയുടെ രണ്ടാം ഗ്രാന്‍സ്ലാം ഫൈനലാണിത്. സ്കോര്‍ 7–6, 6–3. 

 

രണ്ടാം സെമിയില്‍ ബെലാറൂസിന്റെ അരീന സബലേങ്ക പോളണ്ടിന്റെ മാഗ്ദ ലിനറ്റിനെ അനായാസം കീഴടക്കി. ആദ്യസെറ്റില്‍ ശക്തമായ മല്‍സരം കാഴ്ചവച്ച ലിനറ്റ് ടൈബ്രേക്കര്‍ വരെ എത്തിച്ചെങ്കിലും സബലേങ്ക 7–6ന് സെറ്റ് നേടി. രണ്ടാം സെറ്റില്‍ ബെലാറൂസ് താരത്തിന്റെ ആധിപത്യമായിരുന്നു. 6–2ന് രണ്ടാം സെറ്റ് കരസ്ഥമാക്കിയ സബലേങ്ക കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലിന് അര്‍ഹത നേടി. ശനിയാഴ്ചയാണ് ഫൈനല്‍. 

 

Australian Open semi-finals: Rybakina beats Azarenka, Sabalenka beats Magda Linette