കൊല്ലം ആര്യങ്കാവിൽ മായം കലര്‍ന്ന പാല്‍ ക്ഷീരവികസനവകുപ്പ് പിടികൂടിയെങ്കിലും ഭക്ഷ്യസുരക്ഷാ ലാബിലെ പരിശോധനാഫലം വിപരീതമായത് ക്ഷീരവകുപ്പിനെ വെട്ടിലാക്കി. ക്ഷീരവകുപ്പിന്റെ പരിശോധന കൃത്യമാണെന്നും മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാവകുപ്പാണെന്നും മന്ത്രി ജെ ചിഞ്ചുറാണി തുറന്നടിച്ചു. അതേസമയം പരിശോധനയില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പതിനൊന്നിന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്ന് പാലുമായി വന്ന ടാങ്കര്‍ലോറി ആര്യങ്കാവില്‍ ക്ഷീരവികസന ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് പാലില്‍ രാസവസ്തുവായ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ക്ഷീരവകുപ്പിന് അധികാരമില്ലാത്തതിനാല്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കൈമാറി. വീണ്ടും ഭക്ഷ്യസുരക്ഷാ ലാബില്‍ പരിശോധിച്ചപ്പോഴാണ് പാലില്‍ രാസവസ്തു ഇല്ലെന്ന് തെളിഞ്ഞത്. ഇതെങ്ങെന സംഭവിച്ചു. മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്നും പരിശോധന വൈകിയതാണോ ഫലം വിപരീതമാകാന്‍ കാരണമെന്ന് പരിശോധിക്കണമെന്നും മന്ത്രി വിമര്‍ശനം ഉന്നയിച്ചു.15300 ലീറ്റർ പാലുമായി വന്ന ടാങ്കര്‍ ലോറി തെന്മല പൊലീസ് സ്റ്റേഷനിലാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വകാര്യ ഡെയറി ഉടമ ഹൈക്കോടതിയെ സമീപിച്ചു.
Minister J Chinju Rani rejected food safety report in Arayankavu issue