സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഇനി പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഇതുവരെയില്ലാത്ത ഭയം അടുക്കളയില്‍ തോന്നി. ഭക്ഷണത്തിലും ജാതി തിരിച്ചുള്ള വിവാദങ്ങള്‍ വേദനയുണ്ടാക്കിയതായും പഴയിടം മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, വിവാദത്തിന്റെ ആവശ്യമില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. 

 

നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കലോല്‍സ ഭക്ഷണ പന്തിയിലില്ലാത്തത് ചൂണ്ടാക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച പ്രചരണമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കോഴിക്കോടിന്റെ ഭക്ഷണപെരുമ കലോല്‍സവത്തില്‍ കാണാനില്ലെന്നും വിമര്‍ശനമുയര്‍ന്നു. സസ്യേതര വിഭവങ്ങള്‍ വരും വര്‍ഷങ്ങളില്‍ കലോല്‍സവ ഊട്ടുപുരയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വിവാദങ്ങളുടെ തുടക്കത്തിലും ഇന്നലെ സമാപന സമ്മേളനത്തിലും അറിയിച്ചു. ബ്രാഹ്മണനായതിനാലാണ് പഴയിടം മോഹനന്‍ നമ്പൂതിരി കലോല്‍സവത്തില്‍ മാംസാഹാരം ഒരുക്കാത്തത് എന്ന വിധത്തില്‍വരെ ഉയര്‍ന്ന കടുത്ത പരാമര്‍ശങ്ങളാണ് വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്ന കലോല്‍സവ പാചകത്തില്‍നിന്ന് പിന്‍മാറാന്‍ അദേഹത്തെ പ്രേരിപ്പിച്ചത്. ഇനിമുതല്‍ കലോല്‍സവങ്ങളില്‍ ടെണ്ടര്‍ നല്‍കില്ലെന്നും തീരുമാനിച്ചു. തൃശൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ സ്കൂള്‍ ശാത്രമേള പാചകത്തില്‍നിന്ന് ഒഴിഞ്ഞതായും പഴയിടം പറഞ്ഞു.

 

അതേസമയം, ആദ്യമായി വിവാദം കേട്ടതിനാലാണ് അദ്ദേഹത്തിന് ഇത്രയും വിഷമമുണ്ടായതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. ഉത്തരവാദിത്തം പരാതികളില്ലാതെ ഭംഗിയായി നിര്‍വഹിച്ചയാളാണ് പഴയിടം. ഭക്ഷണം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പഴയിടമെന്നും വി.ശിവന്‍കുട്ടി. അടുത്ത കലോല്‍സവത്തില്‍ നോണ്‍വെജ് വിളമ്പുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും, കലോല്‍സവ മാന്വല്‍ പരിഷ്കരിക്കുമ്പോള്‍ ഇതും പരിഗണിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. 

 

Mohanan Namboothiri said that the Kalolsavam cooking will stop