തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെയിലെ ഉള്‍പ്പാര്‍ട്ടി ഭിന്നത വീണ്ടും തെരുവിലേക്ക്. ഒ.പനീര്‍സെല്‍വം ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചതിെന ചൊല്ലിയാണു പുതിയ തര്‍ക്കം. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആള്‍ അനുമതിയില്ലാതെ കൊടിയും ചിഹ്നങ്ങളും ഉപയോഗിച്ചെന്നു കാണിച്ച് എടപ്പാടി പളനിസാമി വിഭാഗം നിയമനടപടി തുടങ്ങി.
എടപ്പാടി പളനിസാമി വിഭാഗം സമര്‍പ്പിച്ച വരവു ചെലവു കണക്കുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച ദിവസമാണ് ഒ.പി.എസ് ചെന്നൈയില്‍ ശക്തിപ്രകടനത്തിനിറങ്ങിയത്. തനിയെ പാര്‍ട്ടി നടത്താന്‍ എടപ്പാടിയെ വെല്ലുവിളിച്ച യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ പന്‍്റുട്ടി രാമചന്ദ്രന്‍, ആര്‍.വൈദ്യലിംഗം, മനോജ് പാണ്ഡ്യന്‍ തുടങ്ങിയവരെ അണിനിരത്താന്‍ ഒ.പി.എസിനായി. എന്നാല്‍ ജില്ലാ സെക്രട്ടറിമാര്‍ എണ്ണത്തില്‍ കുറവായിരുന്നു. ജനറല്‍ സെക്രട്ടറി പദമേറ്റെടുത്തതിലൂടെ ജയലളിതയെ വഞ്ചിച്ചയാളാണ് എടപ്പാടിയെന്ന വാദമാണു യോഗത്തില്‍ മുഴങ്ങിയത്.
രണ്ടില ചിഹ്നവും അണ്ണാദുരൈയുടെ രൂപം ആലേഖനം ചെയ്ത കൊടിയും ഉപയോഗിച്ചതു ഹൈക്കോടതി വിധിക്ക് എതിരാണന്നാണ് ഇ.പി.എസ്. വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടിയുടെ നിയമ വിഭാഗം ഇക്കാര്യം കാണിച്ച് ഒ.പി.എസിനു വക്കീല്‍ നോട്ടിസ് അയച്ചു. കൂടാതെ ശക്തിപ്രകടനത്തിനായി ചൊവ്വാഴ്ച ഇ.പി.എസ്. ജില്ലാ സെക്രട്ടറിമാരുടെ യോഗവും വിളിട്ടുണ്ട്.