പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ഭൂപടം പ്രസിദ്ധീകരിച്ചതോടെ മലയോര മേഖലയിലെ ആശങ്ക പതിന്‍മടങ്ങ് വര്‍ധിച്ചു. ഭൂപടത്തില്‍ വ്യക്തതയില്ലെന്നും നേരിട്ടുള്ള പരിശോധന വേണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പുതിയ മാപ്പില്‍ കോട്ടയം ജില്ലയിലെ ജനവാസ മേഖലകള്‍ വനമേഖലയായന്ന് പരാതിയുയുയര്‍ന്നു. അതേസമയം പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭ പ്രദേശം ബഫര്‍ സോണില്‍ ഉള്‍പ്പെടില്ല.
ബഫര്‍ സോണ്‍ സംബന്ധിച്ച് വനംവകുപ്പ് 2020-21ല്‍ തയാറാക്കിയ കരട് ഭൂപടം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ പരാതിപ്രവാഹം. 22 സംരക്ഷിത വനപ്രദേശങ്ങളുടെ ചുറ്റും ഒരുകിലോമീറ്റര്‍ വരുന്ന പ്രദേശങ്ങള്‍ ബഫര്‍ മേഖലയില്‍ വന്നേക്കാം. ബഫര്‍ സോണ്‍ പിങ്ക് നിറത്തിലും വനം പച്ചനിറത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി ഏഴുവരെ പരാതികള്‍ അറിയിക്കാം.
സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പുതിയ മാപ്പിലും കോട്ടയം ജില്ലയിലെ ജനവാസമേഖലകള്‍ വനമേഖലയായെന്ന് പരാതി.എരുമേലി പഞ്ചായത്തിലെ 11,12 വാര്‍ഡുകളായ ഏഞ്ചല്‍വാലിയും പമ്പാവാലിയും പുതിയ ഭൂപടം അനുസരിച്ചും വനത്തിനുള്ളിലാണെന്നാണ് പരാതി.ആയിരത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വാര്‍ഡുകളാണ് വനമേഖലയിലുള്‍പ്പെട്ടത്. ബഫർ സോൺ പരിധിയിൽ മണ്ണാർക്കാട് നഗരസഭ പ്രദേശം ഉൾപ്പെടില്ലെന്ന് സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ്. മാപ്പ് തയാറാക്കിയപ്പോഴുണ്ടായ പോരായ്മ മാത്രമാണിത്. ജനങ്ങൾക്ക് ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും എസ്.വിനോദ് മനോരമ ന്യൂസിനോട് പറഞ്ഞു.
മതിയായ പഠനമില്ലാതെ സർവേ നടത്തിയതിന്റെ ഫലമാണ് മണ്ണാർക്കാട് നഗരസഭയും ബഫർ സോൺ പരിധിയിലെന്ന ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്യോഗസ്ഥർക്കുണ്ടായ പിഴവാണെന്ന് വൈൽഡ് ലൈഫ് വാർഡൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂർണമായും നീക്കിയില്ലെങ്കിൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്നും ഷംസുദ്ദീൻ മനോരമ ന്യൂസിനോട്.
Buffer zone: Forest department map published