'മുന്നണിയില്‍ ലീഗ് വന്നാല്‍ രണ്ടാംസ്ഥാനം നഷ്ടപ്പെടുമെന്ന് കാനത്തിന് ഭയമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ‘നേരെ ചൊവ്വേ’യില്‍. ലീഗിനെപ്പറ്റി എം.വി.ഗോവിന്ദന്‍ പറഞ്ഞത് കേരളത്തിന്‍റെ മൊത്തം അഭിപ്രായമാണ്. എല്‍ഡിഎഫിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോള്‍ മുസ്‌ലിം ലിഗിനുമുന്നിലില്ല. ലീഗിനെ എല്ലാവര്‍ക്കും വേണം; എന്നാല്‍ ലീഗിന് എല്ലാവര്‍ക്കുമൊപ്പം കൂടാന്‍ കഴിയില്ല. ദേശീയതലത്തില്‍ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ ഇടതിന്റെ സഹകരണം ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം സംഘടനകളെ സര്‍ക്കാര്‍ പ്രലോഭിപ്പിക്കുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്തയോട് സ്വീകരിച്ച സമീപനം പ്രലോഭനത്തിന്റെ ഭാഗമാണ്. ലീഗിനെ ഒഴിവാക്കി സര്‍ക്കാരിനെ നേരിട്ട് സമീപിക്കാന്‍ അവസരമുണ്ടാക്കി. പക്ഷേ, വഖഫ് പ്രശ്നത്തിലടക്കം ലീഗ് പറഞ്ഞിടത്താണ് കാര്യങ്ങള്‍ നില്‍ക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗവര്‍ണറുടെ ആര്‍എസ്എസ് അനുകൂല നിലപാട് അംഗീകരിക്കില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാട് ഫാഷിസത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ഗവര്‍ണര്‍ നടത്തിയ നിയമനങ്ങളില്‍ അദ്ദേഹത്തിന്‍റെ സമീപനം വ്യക്തമാണ്– അദ്ദേഹം പറഞ്ഞു.
ഭാഷയ്ക്കും മറ്റ് അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണ് ഫുട്ബോള്‍ വികാരമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഫുട്ബോള്‍ ആവേശം പോസിറ്റീവായി കാണണം. അത് നല്‍കുന്ന സന്ദേശം വലുതാണ്. സമസ്തയുടെ പേരില്‍വരുന്ന പ്രസ്താവനകള്‍ ചില വ്യക്തികളുടെ മാത്രം അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
League state president sadiq ali thangal on ldf government kanam rajendran governor