babar-rizwan-03

 

ന്യൂസീലന്‍ഡിനെ തോല്‍പിച്ച് പാക്കിസ്ഥാന്‍ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ 7 വിക്കറ്റിനാണ് പാക്കിസ്ഥാൻ ന്യൂസീലൻഡിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 19.1 ഓവറിൽ ലക്ഷ്യം കണ്ടു. നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ ഇന്ത്യ–പാക്ക് ഫൈനലിന് കളമൊരുങ്ങും. മുഹമ്മദ് റിസ‌്‌‌വാൻ 57 റൺസും ( 43 പന്തിൽ നിന്ന്) ബാബർ അസം 53 റൺസും (42 പന്തിൽ നിന്ന്) നേടി മികച്ച തുടക്കമിട്ടു.  മുഹമ്മദ് ഹാരിസ് 30 റൺസ് (26 പന്തിൽ) നേടി. മുഹമ്മദ് നവാസും ഷഹീൻ അഫ്രീദിയും പാക്കിസ്ഥാനുവേണ്ടി വിക്കറ്റ് വീഴ്ത്തി.

 

ആദ്യ ബോളിൽ നാല് റൺസ് നേടിയ ഫിൻ അലൻ ഷഹീൻ അഫ്രീദിയുടെ മൂന്നാം ബോളിൽ  ഔട്ടായതോടെ ന്യൂസിലൻഡ് ആശങ്കയിലായി. പത്ത് ഓവറിൽ 59 റൺസ് മാത്രമെ ന്യൂസീലൻഡിന് എടുക്കാൻ സാധിച്ചുള്ളു. ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആയിരുന്നതിനാലാണ് ന്യൂസീലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാൽ കളത്തിലിറങ്ങിയ ന്യൂസീലൻഡിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഡാരിൽ മിച്ചലും കെയ്ൻ വില്യംസനും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. മികച്ച ഫീൽഡിങ്ങും ബോളിങ്ങും പുറത്തെടുത്ത പാക്കിസ്ഥാൻ റൺ ഒഴുകുന്നത് തടഞ്ഞു.  ഡാരിൽ മിച്ചൽ 53 (35 പന്തിൽനിന്ന്), ഡെവൺ കോൺവേ 21 (20 പന്തിൽ), ഗ്ലെൻ ഫിലിപ്സ് 6 (8 പന്തിൽ), കെയ്ൻ വില്യംസൻ 46 (42 പന്തിൽ), എന്നിങ്ങനെയാണ് റൺസ് നേട്ടം. ട്രെന്റ് ബോൾട്ടാണ് ന്യൂസീലൻഡിനുവേണ്ടി വിക്കറ്റ് വീഴ്ത്തിയത്.

 

T20 worldcup pakistan beats new zealand enter final