മുന്നാക്കസംവരണം ശരിവച്ച സുപ്രീംകോടതി വിധി ആശങ്ക ഉയര്‍ത്തുന്നതെന്ന് മുസ്‍ലിം ലീഗ്. വിധിയെ ന്യായീകരിക്കാനാവില്ലെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ സംവരണം സംബന്ധിച്ച എന്‍.എസ്.എസ് നിലപാട് ശരിവയ്ക്കുന്നതാണ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രതികരിച്ചു. സാമ്പത്തികാടിസ്ഥാനത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്നാണ് എന്‍.എസ്.എസ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിലപാടെടുത്തു.
പത്തുശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയ നൂറ്റിമൂന്നാം ഭരണഘടനാഭേദഗതി സുപ്രീംകോടതി ഭരണഘടനാബെഞ്ച് 3 : 2 ഭൂരിപക്ഷത്തിനാണ് ശരിവച്ചത്. സാമ്പത്തികസംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല എം.ത്രിവേദി, ജസ്റ്റിസ് ജെ.ബി.പര്‍ദിവാല എന്നിവര്‍ വിധിച്ചു. സാമ്പത്തിക സംവരണത്തില്‍ പിന്നാക്കവിഭാഗങ്ങളെ ഒഴിവാക്കിയതില്‍ തെറ്റില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം തെറ്റല്ലെന്നും ഭൂരിപക്ഷ വിധി വ്യക്തമാക്കി. എന്നാല്‍ ചീഫ് ജസ്റ്റിസ് യു.യു.ലളിതും ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടും ഇതിനോട് വിയോജിച്ചു. നൂറ്റിമൂന്നാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് വിരുദ്ധമാണെന്നും ജാതിവിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിധിന്യായത്തില്‍ വ്യക്തമാക്കി.
mixed reactions in ews quota verdict