sharon-murder-04

ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ ഉൾപ്പെടെ മൂന്നു പ്രതികളും പൊലീസ് കസ്റ്റഡിയിൽ. ഗ്രീഷ്മയെ ഏഴ് ദിവത്തേക്കും അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും അഞ്ചുദിവസത്തേക്കും നെയ്യാറ്റിൻകര കോടതി കസ്റ്റഡിയിൽ വിട്ടു. പാറശാല പൊലീസിന്റെ വീഴ്ച പ്രതിഭാഗം കോടതിയിലുയർത്തി. ഗ്രീഷ്മയെ നാളെ പാറശാലയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. 

 

അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കോടതിയിലെത്തിച്ചത്. കോടതി മുറിയിൽ മുഖം മറച്ചിരുന്ന ഷാൾ മാറ്റി തലയുർത്തി ഗ്രീഷ്മ നിന്നു. പ്രമാദമായ കേസിൽ നിർണായക തെളിവുകൾ ശേഖരിക്കാൻ ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചത് വിശദമായി വാദം കേട്ട ശേഷമാണ്. തെളിവെടുപ്പ് നടപടികൾ വിഡിയോയിൽ ചിത്രീകരിക്കണമെന്നും സിഡി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു ദൃക്സാക്ഷി പോലും ഇല്ലാത്ത കെട്ടിച്ചമച്ച കേസാണെന്നും തെളിവ് ഉണ്ടാക്കിയെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഷാരോണിന്റ ഫോണിൽ ഗ്രീഷ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടെന്നും അത് വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗ്രീഷ്മയുടെ വീട്ടിലേക്ക് വന്നപ്പോൾ ഷാരോൺ തന്നെ വിഷം കൊണ്ടുവന്നതാകാനുള്ള സാധ്യത ഇല്ലേ എന്നും പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. ഷാരോൺ തന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നതും പ്രതിഭാഗം ആയുധമാക്കി. ഗ്രീഷ്മയെ കൊണ്ട് തെളിവെടുക്കുന്നതിനൊപ്പം കസ്റ്റഡിയിൽ ലഭിച്ച മറ്റ് രണ്ടു പ്രതികളായ  ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

 

പ്രതീക്ഷിച്ച പോലെ പാറശ്ശാല പൊലീസ് തുടക്കത്തിൽ വരുത്തിയ വീഴ്ചകൾ പ്രതിഭാഗം മുതലെടുത്തു. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് കോടതിയെ ബോധ്യപെടുത്താൻ കഴിയുന്ന തെളിവുകൾ ഇനിയള്ള ഏഴ് ദിവസം കൊണ്ട് ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വലിയ വെല്ലുവിളി

 

Story Highlights: Sharon Murder Case, Greeshma, Court, Police