കേസിനെ ഭയന്ന് കെആർ മീര അവരുടെ നിലപാട് മാറ്റിയതിനെ അഭിനന്ദിക്കുകയാണെന്നും,  ഇത് പുരുഷ വിജയമാണെന്നും രാഹുൽ ഈശ്വർ. കെആർ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് ഇല്ലാതായെന്നും, സത്യസന്ധതയില്ലാതെയാണ് അവർ സംസാരിക്കുന്നതെന്നും രാഹുൽ ഈശ്വർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ സ്റ്റോറിയിലൂടെ വ്യക്തമാക്കി. 

ഒരു വാക്ക് പിഴവ് വന്നുപോയതിനെ അം​ഗീകരിക്കുന്നു എന്ന് വേണമെങ്കിൽ മേഡത്തിന് പറയാം, അല്ലെങ്കിൽ ഒന്നും പറയാതെ മിണ്ടാതിരുന്നുകൂടേ.. കള്ളം പറയാനായി ഒരു മടിയും തോന്നുന്നില്ലേ?.. ഞാൻ ഭീഷണിപ്പെടുത്തുന്നു എന്നാണ് മാഡം പറയുന്നത്. എന്നാൽ ഞാൻ നിങ്ങളെ ഭീഷണിപ്പെടുത്തിയതല്ല, പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഞാൻ ഫെമിനിസ്റ്റുകളെപ്പോലെ ഭീഷണിപ്പെടുത്താറില്ല, ചെയ്യുമെന്ന് പറഞ്ഞാൽ ഉറപ്പായും ചെയ്തിരിക്കും. 

നടൻ ദിലീപ് അ​ഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പാണ്.  ദിലീപ്, സിദ്ദിഖ്, എൽദോസ് കുന്നപ്പിള്ളി, വിജയ് ബാബു എന്നിവരുടെ കാര്യത്തിലെല്ലാം ഞാൻ പറഞ്ഞത് ശെരിയായി വന്നിട്ടേ ഉള്ളൂ.. ഇവർക്കെതിരെ എല്ലാം വന്നത് വ്യാജ പരാതികളാണ്. ഞാൻ ലൈം​ഗിക അതിക്രമ അനുകൂലിയാണെങ്കിൽ, നിങ്ങൾ ​ഗ്രീഷ്മാനുകൂലിയും കഷായ അനുകൂലിയുമാണ്. ഏതോ അ‍ഡ്വക്കേറ്റ് പറഞ്ഞതനുസരിച്ചാണെന്ന് തോന്നുന്നു ഈ പോസ്റ്റൊക്കെ ഇടുന്നത്. കേസ് വരുമെന്ന ഭയം മാഡത്തിന് വന്നതിൽ വളരെ സന്തോഷമുണ്ട്.  

മാഡത്തിനെപ്പോലെ എസി മുറിയിലിരുന്ന് ആക്ടിവിസ്റ്റായ ആളല്ല ഞാൻ. ഇത് ഓരോ പുരുഷന്റെയും വിജയമാണ്. ഇനി ഷാരോണിനെപ്പറ്റി അസഭ്യം പറയാൻ തീവ്ര ഫെമിനിസ്റ്റ് നിലപാടുള്ളവർ ഒന്നുകൂടി ഒന്ന് ആലോചിക്കണം. കെആർ മീര ഭയന്ന് നിലപാടിൽ നിന്ന് പിന്മാറിയതിൽ അഭിനന്ദനം അറിയിക്കുകയാണെന്നാണ് രാഹുലിന്റെ പരിഹാസം. 

ബന്ധങ്ങളിൽ വളരെ 'ടോക്സിക് 'ആയി പെരുമാറുന്ന പുരുഷൻമാർക്ക് 'ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും' എന്നു പറഞ്ഞാൽ, അതിനർത്ഥം വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്തേക്കുമെന്നാണെന്നു പരാതിക്കാരനു മനസ്സിലാക്കാവുന്നതേയുള്ളൂ എന്നായിരുന്നു കെആർ മീരയുടെ ന്യായീകരണം. അതിനെ വിമർശിച്ചാണ് രാഹുൽ ഈശ്വർ വിഡിയോ സ്റ്റോറിയുമായെത്തിയത്. 

ENGLISH SUMMARY:

Rahul Easwar criticizes KR Meera's FB post