കവിയും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.പി.രാജീവൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. കരൾ - വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.  മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ കവിതകൾ എഴുതുമായിരുന്നു. പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും എന്നീ നോവലുകൾ സിനിമയാക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 

 

ഇന്ന് രാവിലെ ഒമ്പത് മണി മുതൽ പതിനൊന്നു മണി വരെ കോഴിക്കോട്  ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്ക് മൂന്നുമണിക്ക്  കോട്ടൂർ നരയംകുളത്തെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനായിരുന്നു ടി.പി.രാജീവൻ. തച്ചംപൊയിൽ രാജീവൻ എന്ന പേരിലായിരുന്നു അദ്ദേഹം ഇംഗ്ലീഷിൽ കവിതയും ലേഖനവും എഴുതിയത്  

 

1956 ൽ കോഴിക്കോട് പാലേരിയിലാണ് ടി പി രാജീവന്റെ ജനനം . കുട്ടി കാലത്ത് കവിത എഴുതിയാണ്  സാഹിത്യത്തിലേക്കുള്ള പ്രവേശനം. . മലയാളം അധ്യാപകനായ അച്ഛൻ കവിതകൾ ചൊല്ലുന്നത് കേട്ടായിരുന്നു വളർന്നത്. അച്ഛന്റെയും അമ്മയുടേയും നാടുകളായ പാലേരിയും കോട്ടൂരുമാണ് നോവലെഴുത്തിന് കാരണം. ഈ ഗ്രാമങ്ങളിലെ കഥകളാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റ കഥ, കെ ടി എൻ കോട്ടുർ എഴുത്തും ജീവിതവും എന്നീ നോവലുകളായത്. ഇവ പിന്നീട് സിനിമകളുമായി .ഇംഗ്ലീഷിൽ മൂന്നും മലയാളത്തിൽ ആറും കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്

 

ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറപ്പാലം എൻ എസ് എസ് കോളജിൽ നിന്ന് എ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കുറച്ചു കാലം ഡൽഹിയിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. കാലിക്കറ്റ് സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫിസറും ഇക്കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് സാംസ്കാരിക മന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്നു. യുവ കവിക്കുള്ള വി ടി കുമാരൻ പുരസ്കാരം, 2014 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. പ്രകൃതിയും മനുഷ്യനും നിറഞ്ഞു നിന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ . അതുകൊണ്ടു തന്നെ  തന്റെ നാടായ കോട്ടൂരിലെ ചെങ്ങോട്ടുമലയെ നശിപ്പിക്കുന്ന ഖനനത്തിനെതിരായ സമരത്തിലും ടി പി രാജീവൻ മുന്നിലുണ്ടായിരുന്നു

 

TP Rajeevan passes away