cngress-election

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ ഫോൺ നമ്പറുകൾ ശശി തരൂരിന് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി. രഹസ്യ ബാലറ്റ് വഴി 68 പോളിങ് ബൂത്തുകളിലൂടെ സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

 

9000 പേരുള്ള വോട്ടർ പട്ടികയിൽ വിലാസമോ ബൂത്ത് വിവരമോ ഇല്ലാത്ത 3,267 പേരാണുള്ളത്. ഇത് പ്രചാരണത്തെ ബാധിക്കുന്നു എന്നും വോർട്ടർമാരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടിയോട് ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഫോൺ നമ്പറുകൾ തരൂറിന് നൽകിയത്. മൂവായിരത്തോളം പേരുടെ വിലാസം ശേഖരിക്കാൻ ഇപ്പോഴുമായിട്ടില്ല. പക്ഷം ചേർന്നുള്ള നേതാക്കളുടെ പ്രതികരണത്തിനെതിരെ തരൂർ നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാനും തിരഞ്ഞെടുപ്പ് അതോറിട്ടി തയ്യാറായില്ല. 

 

പിസിസികളിലും എഐസിസിയിലും ഭാരത് ജോഡോ യാത്രയിലുമായി 68 പോളിങ് ബൂത്ത് ഉണ്ടാകുമെന്നും മിസ്ത്രി അറിയിച്ചു. വോട്ടർമാരുടെ ഫോൺ നമ്പർ നൽകിയതിൽ തരൂർ തൃപ്തി രേഖപ്പെടുത്തി. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാല്‍ രഹസ്യ ബാലറ്റ് ഗുണപ്രദമാകുമെന്നുമാണ് തരൂരിന്റെ പ്രതികരണം.  അഹമ്മദാബാദിലായിരുന്നു തരൂരിന്റ ഇന്നത്തെ പ്രചാരണം. ഭോപ്പാലലും  ഛണ്ഡിഗഢിലുമായിരുന്നു മല്ലികാർജുൻഖർഗെയുടെ പ്രചാരണം. വോട്ടവകാശമുള്ള എല്ലാവരോടും വോട്ട് അഭ്യര്‍ഥിച്ച് ഖര്‍ഗെ കത്തയച്ചിട്ടുണ്ട്.  ഉദയ്പൂര്‍ പ്രഖ്യാപനം കൃത്യമായി നടപ്പാക്കുമെന്ന് ഖര്‍ഗെ ഉറപ്പ് നല്‍കുന്നു. ഇതിനിടെ രമേശ് ചെന്നിത്തല  ഖര്‍ഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.