സുരക്ഷയില്ലാതെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നതുള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അഞ്ചുമാസം കഴിഞ്ഞിട്ടും നടപ്പായില്ല. നാന്നൂറ് അന്തേവാസികളുടെ സുരക്ഷക്കായി ആകെ 8 സുരക്ഷാ ജീവനക്കാര്‍ മാത്രം. ഇവരാരും സ്ഥിരം ജീവനക്കാരുമല്ല. റിമാന്‍ഡു തടവുകാര്‍ക്ക് ആര് സുരക്ഷ ഒരുക്കും എന്നതിലും തര്‍ക്കം തുടരുന്നു.
അഞ്ച് മാസം മുന്‍പ് ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ചില തീരുമാനങ്ങള്‍ എടുത്തത്. അതില്‍ പ്രധാനപ്പെട്ടത് 24 സുരക്ഷാ ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്നായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിയമിച്ച നാല്താല്‍കാലിക ജീവനക്കാര്‍ ഉള്‍പ്പടെ 8 പേര്‍ മാത്രമാണുള്ളത്. 41 തടവുകാര്‍ ഉള്‍പ്പടെ 404 അന്തേവാസികള്‍ ഉള്ള ഒരു സ്ഥാപനത്തിലാണ് വെറും എട്ടു സുരക്ഷാ ജീവനക്കാര്‍ ഉള്ളതെന്ന് ഒാര്‍ക്കണം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, അക്രമസ്വഭാവമുള്ളവരെ പരിചരിക്കാന്‍ പ്രത്യേക വൈദഗ്ധ്യമുള്ള ആളുകള്‍ അങ്ങനെ തീരുമാനങ്ങള്‍ എല്ലാം കടലാസില്‍ ഒതുങ്ങുകയാണ്. റിമാന്‍ഡ് തടവുകാരായ അന്തേവാസികളുടെ സുരക്ഷ ആര്‍ക്കെന്ന ചോദ്യമാണ് മറ്റൊരു പ്രശ്നം. തടവുകാര്‍ക്കായി 8 പൊലിസുകാരുണ്ട്. പക്ഷേ ഇവരുടെ ഗാര്‍ഡ് റൂം ഫോറന്‍സിക് വാര്‍ഡിന് സമീപത്തല്ല. പ്രതികളായതുകൊണ്ടുതന്നെ ഇവരുടെ സുരക്ഷ പൊലിസിന്റെ ചുമതലയെന്നാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം അധികൃതര്‍ പറയുന്നത്.
എന്നാല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചാല്‍ സുരക്ഷ ഒരുക്കേണ്ടത് ആശുപത്രി അധികൃതരാണെന്ന് പൊലിസും പറയുന്നു. ഇക്കാര്യത്തില്‍ വ്യക്ത ഉണ്ടായില്ലെങ്കില്‍ തടവുകാരായ അന്തേവാസികള്‍ ഇനിയും രക്ഷപ്പെടാനുള്ള സാധ്യത തള്ളികളയാനാകില്ല.