inmate-escaped-from-kuthira

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി. കർണാടകയിലെ ധർമസ്ഥലയിൽ നിന്നാണ് കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് രക്ഷപ്പെട്ടിരുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഉച്ചക്ക് 12.30ന് മംഗലാപുരത്തേക്ക് ട്രയിൻ കയറിയതായി കണ്ടെത്തിയിരുന്നു. മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീർന്നു പോകുകയായിരുന്നു. മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലായത്. ധർമസ്ഥലപൊലിസ് സ്റ്റേഷനിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചു.

2021 ജൂണിൽ ഏലംകുളം എളാട് കൂഴന്തറ ചെമ്മാ‌ട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ദൃശ്യയെ കിടപ്പുമുറിയിൽ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയെ സംഭവ ദിവസം രാവിലെ തന്നെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്നു രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്.റിമാൻഡിലിരിക്കെ ഈ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.