പ്രവാചകവിരുദ്ധ പരാമർശത്തിന്റെ പേരിൽ ബിജെപി മുൻ ദേശീയവക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഈ കേസുകളെല്ലാം ഒറ്റ കേസായി മാറ്റാനും സുപ്രീംകോടതി നിർദേശിച്ചു. കേസ് റദ്ദാക്കാൻ നൂപുർ ശർമയ്ക്ക് ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹി പൊലീസിലെ പ്രത്യേകസംഘമാകും ഇനി നൂപുർ ശർമയ്ക്കെതിരായ കേസ് അന്വേഷിക്കുക. കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കമെന്ന ബംഗാൾ സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
നൂപുർ ശർമയ്ക്കുള്ള സുരക്ഷാഭീഷണി ഉൾപ്പടെ കണക്കിലെടുത്താണ് കേസുകൾ ഡൽഹിയിലേക്ക് മാറ്റുന്നത് എന്ന് ജസ്റ്റിസ് സൂര്യ കാന്ത്, ജെ.ബി.പർഡിവാല എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നൂപുർ ശർമയുടെ അറസ്റ്റ് നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.