pcgeorge-bail

ലൈംഗിക പീഡനക്കേസില്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്യാതെ, പിസി ജോര്‍ജിന് ജാമ്യം കിട്ടിയതോടെ നാണം കെട്ട സര്‍ക്കാരിന് അതില്‍നിന്ന് കരകയറുക എളുപ്പമല്ല. പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍, പൊലീസിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം പി.സി.ജോര്‍ജിന്‍റെ കാര്യത്തില്‍ മാത്രം ഇതു രണ്ടാംതവണയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നാണം കെടുന്നത്.  ജാമ്യത്തിലിറങ്ങി പി.സി.ജോര്‍ജ് തുറന്നുവിട്ട ‘ഫാരീസ് അബൂബക്കര്‍’ ആക്ഷേപം വെളിപ്പെടുത്തുമെന്ന് മനസിലാക്കിയാണോ ജോര്‍ജിനെ ജയിലറക്കുള്ളിലാക്കാന്‍ ശ്രമിച്ചതെന്ന സംശയവും ബലപ്പെടുകയാണ്. 

 

പൊലീസിനെ ആയുധമാക്കി രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആക്ഷേപത്തിന് ബലം നല്‍കുന്നതാണ് പി സി ജോര്‍ജിന് അനുവദിച്ച ജാമ്യം. ലൈംഗികപീഡനക്കേസില്‍ വിശദമായ വാദം കേട്ട് ജോര്‍ജിന് മജിസ്ട്രേറ്റ് കോടതി ആദ്യ ദിനം തന്നെ ജാമ്യം അനുവദിച്ചതോടെ സര്‍ക്കാര്‍ മുഖം താഴ്ത്തേണ്ട അവസ്ഥയിലാണ്. വര്‍ഗീയ പ്രസംഗം നടത്തിയതിന് ഈരാട്ടുപേട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്ത് എത്തിച്ച പി സി ജോര്‍ജ് വൈകിട്ട് തന്നെ ചിരിച്ചു കൊണ്ട് പുറത്തിറങ്ങി. പിന്നീട് ജാമ്യം റദ്ദാക്കി ഒരു ദിവസം അകത്തുകിടന്നെങ്കിലും ആദ്യത്തെ ക്ഷീണം സര്‍ക്കാരിന് ക്ഷീണമായി തന്നെ നിന്നു. പീഡനക്കേസില്‍ അകത്തിടാനുള്ള ശ്രമവും പാളിയതോടെ എന്തിന് ഇങ്ങനെ തോല്‍വി ചോദിച്ചു വാങ്ങണമെന്ന അഭിപ്രായം പൊലീസിനുള്ളില്‍ ഉയര്‍ന്നു കഴിഞ്ഞു. പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായതിന് ശേഷം പൊലീസ് ഭരണത്തില്‍ നടത്തുന്ന അമിതമായ സമ്മര്‍ദത്തില്‍ പൊലീസിനുള്ളില്‍ അതൃപ്തി പ്രകടമാണ്. 

സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സര്‍ക്കാര്‍ നടത്തുന്ന നാടകങ്ങളായി ഇതെല്ലാം വ്യാഖ്യാനിക്കപ്പെടാന്‍ തുടങ്ങികഴിഞ്ഞു. ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജ് ഉയര്‍ത്തിയ ഫാരിസ് അബൂബക്കര്‍ ആക്ഷേപങ്ങള്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ ഏറ്റുപിടിച്ചേക്കാം. തിടുക്കപ്പെട്ടുള്ള ജോര്‍ജിന്‍റെ അറസ്റ്റില്‍ ചില സംശയങ്ങളും ഉയരുകയാണ്. ചോദ്യം ചെയ്യലിന് ശേഷം പിസി ജോര്‍ജ് ഫാരീസ് അബൂബക്കര്‍ ആക്ഷേപം ഉയര്‍ത്തുമെന്ന് പൊലീസ് മനസിലാക്കിയിരുന്നോ എന്നതാണ് ആദ്യ സംശയം. ഇതിന് തടയിടാനാണോ ജോര്‍ജിനെ ഒരു കാരണവശാലും പെട്ടെന്ന് ജാമ്യം കിട്ടാത്ത പീഡനക്കേസില്‍ തിടുക്കപ്പെട്ട് അറസ്റ്റ് ചെയതത് എന്നതാണ് മറ്റൊരു സംശയം. പാലക്കാട് നിന്ന് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു ഫോണ്‍ പിടിച്ചെടുത്തതും വിജിലന്‍സ് മേധാവിയെ നീക്കിയതുമെല്ലാം  സര്‍ക്കാരില്‍ ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങളുടെ  ഫലമായിരുന്നു.