വിമാനത്തിനുള്ളിലെ പ്രതിഷേധക്കേസില്‍ മുഖ്യമന്ത്രിയുെട മൊഴി എടുക്കാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. സാക്ഷിയായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെ ഉള്‍പ്പെടുത്തും. എന്നാല്‍ പൊലീസ് സാക്ഷികളാക്കുന്നത് അനുകൂല മൊഴി നല്‍കുന്ന യാത്രക്കാരെ മാത്രമെന്ന് ആക്ഷേപം ഉയര്‍ന്നു.
വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തത് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ്. അനില്‍കുമാറിന്റെ പരാതിയിലാണ്. കുറ്റകൃത്യത്തിലെ ഇരയായാണ് മുഖ്യമന്ത്രിയെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരയുടെ മൊഴി രേഖപ്പെടുത്തേണ്ടത് അത്യാവശ്യവുമാണ്. ആ രീതിയിലാണ് മൊഴി രേഖപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ സാവകാശം തേടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമെന്ന് അറിയിപ്പുള്ളതിനാല്‍ അതിന് ശേഷമായിരിക്കും മൊഴിയെടുപ്പ്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടെങ്കിലും മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായാകും ഏതെങ്കിലും അന്വേഷണസംഘത്തിന് മൊഴി നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് താന്‍ വിമാനത്തിലിരിക്കുമ്പോളെന്നും വധിക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി മൊഴി നല്‍കുമോയെന്നതാണ് നിര്‍ണായകം. ഇതിനൊപ്പം വിമാനത്തിലെ യാത്രക്കാരന്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയും ഇ.പിയും വധശ്രമമെന്ന് മൊഴി നല്‍കുന്നതോടെ കേസ് ശക്തിപ്പെടുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൂടാതെ പത്തിലേറെ മറ്റ് സാക്ഷിമൊഴികളും കേസിന് അനുകൂലമായി ലഭിച്ചെന്നും അവകാശപ്പെടുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും കാണാതെ അനുകൂല മൊഴി ലഭിക്കുന്നവരെ മാത്രം തിരഞ്ഞുടിച്ചാണ് സാക്ഷിയാക്കുന്നതെന്നും സൂചനയുണ്ട്. അതുകൊണ്ടാണ് 48 യാത്രക്കാരുള്ളതില്‍ പത്തോളം പേരെ മാത്രം സാക്ഷിയാക്കിയതെന്നാണ് ആക്ഷേപം.