ഭാര്യയുടെ അതിക്രൂര മർദനത്തിനിരയായ ഭർത്താവിന് സുരക്ഷയേർപ്പെടുത്താൻ ഉത്തരവിട്ട് കോടതി. രാജസ്ഥാനിലാണ് സംഭവം. ഹരിയാനയിലെ കര്‍ക്കാര സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായ അജിത്ത് യാദവാണ് ഭാര്യ സുമന്‍ യാദവിനെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. പരാതി പരിഗണിച്ച കോടതി, അജിത്ത് യാദവ് നൽകിയ സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കുകയായിരുന്നു.
സുമന്‍ ഭർത്താവിനെ ക്രൂരമായി മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ക്രിക്കറ്റ് ബാറ്റ്, ഇരുമ്പിന്റെ പാൻ എന്നിവകൊണ്ട് സുമൻ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അജിത്ത് കോടതിയിൽ പറഞ്ഞു. ഇതോടെ കൂടുതൽ അന്വേഷണത്തിനും പരാതിക്കാരന് സുരക്ഷ നൽകാനും ബീവാടി കോടതി ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷമായിട്ടാണ് ഭാര്യ തന്നെ ക്രൂരമായി മർദിക്കാൻ തുടങ്ങിയതെന്നും ഇതിനു പിന്നാലെയാണ് വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്നും പരാതിക്കാരൻ പറയുന്നു. അജിത്തിനെ ഭാര്യ മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരേടേയും പ്രണയ വിവാഹമായിരുന്നുവെന്നും സുമനെ താനിതുവരെ അടിച്ചിട്ടില്ലെന്നും അജിത്ത് പറയുന്നു.