കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് ജയിലിൽ പ്രത്യേക ഭക്ഷണക്രമം. സ്പായിൽ ലഭിക്കുന്ന തരം ഭക്ഷണ സാധനങ്ങളാണ് സിദ്ദുവിന്റെ മെനുവിലുള്ളത്. സിദ്ദുവിന്റെ ആരോഗ്യ നില പരിഗണിച്ചാണ് പ്രത്യേക ഭക്ഷണത്തിന് അനുമതിയെന്നാണ് റിപ്പോർട്ട്. വറുത്ത പച്ചക്കറികളും പേക്കൺ നട്സ്, അവൊക്കാഡോ, ടോഫു എന്നിവയാണ് സിദ്ദു ഭക്ഷണത്തിനൊപ്പം കഴിക്കുന്നത്. കോടതി ഇതിന് അനുമതിയും നൽകിയിട്ടുണ്ട്.
റോസ്മേരി ചായ, വെള്ള പേത ജ്യൂസ്, അല്ലെങ്കിൽ തേങ്ങാവെള്ളം എന്നിവ ഉപയോഗിച്ചുകൊണ്ടാണ് സിദ്ദുവിന്റെ ഒരു ദിവസം തുടങ്ങുന്നത്. പ്രഭാത ഭക്ഷണത്തിന് പാൽ, ഒരു ടേബിൾ സ്പൂൺ ചണവിത്ത്, സൂര്യകാന്തി, മത്തൻ, ചിയ എന്നിവയുടെ വിത്തുകളും കഴിക്കും. അഞ്ചോ ആറോ ആൽമണ്ട്, ഒരു വാൾനട്ട്, രണ്ട് പെക്കൻ നട്സ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
ഉച്ചഭക്ഷണത്തിനു മുൻപ് ഒരു ഗ്ലാസ് ജ്യൂസ് (ബീറ്റ്റൂട്ട്, ചുരയ്ക്ക, കുക്കുമ്പർ, മധുരനാരങ്ങ, തുളസി, മിന്റ് ഇലകൾ, നെല്ലിക്ക, മഞ്ഞൾ, കാരറ്റ്, ആലോവേര എന്നിവയിൽ ഏതെങ്കിലും). ഒരു പഴം (തണ്ണിമത്തൻ, മത്തങ്ങ, കിവി, സ്ട്രോബറി, പേരക്ക, ആപ്പിൾ എന്നിവയിൽ ഏതെങ്കിലും). 25 ഗ്രാം കടല, 25 ഗ്രാം പരിപ്പ്, കുക്കുമ്പർ എന്നിവയും കഴിക്കും. ഉച്ചയ്ക്ക് ഒരു ചപ്പാത്തിയും കൂടെ 30 ഗ്രാം ചോളം, വാട്ടർ ചെസ്നട്ട്, റാഗിയും ‘തുല്യ അളവിൽ’ കഴിക്കും. പച്ചക്കറികളും റൈത്തയും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് മധുരം ചേർക്കാതെ, കൊഴുപ്പില്ലാത്ത പാലിൽ 100 മില്ലി ചായ. 25 ഗ്രാം പനീർ, അത്ര തന്നെ ടോഫു, നാരങ്ങയുടെ പകുതി എന്നിവയും കഴിക്കും. അത്താഴത്തിന് പച്ചക്കറികളും പരിപ്പ് സൂപ്പുമാണ്. കാരറ്റ്, ബീൻസ്, ബ്രോക്കോളി, കൂൺ എന്നിവയാണു കഴിക്കുക. രാത്രി കിടക്കുന്നതിനു മുൻപ് ചമോമിൽ പൂവിന്റെ ചായ, ഇസബ്ഗോൽ അര ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കും. ഇതാണ് ജയിലിലെ സിദ്ദുവിന്റെ ഭക്ഷണക്രമം
സിദ്ദുവിന്റെ വൈദ്യപരിശോധനകൾ നേരത്തേ പൂർത്തിയാക്കിയെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ദിവസം ഏഴു പ്രാവശ്യം ഭക്ഷണം നൽകാനുള്ള സ്പെഷൽ ഡയറ്റ് കോടതി അംഗീകരിച്ചതെന്നും ജയിൽ അധികൃതർ അറിയിച്ചു. രക്തം കട്ടപിടിക്കുന്ന അസുഖത്തിനു നിലവിൽ ചികിൽസയിലാണ് സിദ്ദു. അതിനിടെ സിദ്ദുവിന് പട്യാല ജയിലിൽ ക്ലർക്ക് ജോലിയും ലഭിച്ചിട്ടുണ്ട്.
1988ൽ കാർ പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അയൽവാസിയെ സിദ്ദു മർദ്ദിച്ചിരുന്നു. ഇയാൾ പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. ഈ കേസിലാണ് നിലവിൽ ശിക്ഷ അനുഭവിക്കുന്നത്.