Amritsar: Punjab Minister for Tourism & Cultural Affairs Navjot Singh Sidhu gestures while addressing a press conference in Amritsar on Wednesday. PTI Photo (PTI5_2_2018_000065A)

 

കോണ്‍ഗ്രസ് നേതാവും മുന്‍ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിനെ ഒരുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് സുപ്രീംകോടതി. 1987ല്‍ റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ച കേസിലാണ് നടപടി. സിദ്ദുവിന് ആയിരം രൂപ പിഴ ചുമത്തി സുപ്രീംകോടതി നേരത്തെ കേസ് തീര്‍പ്പാക്കിയിരുന്നു. ഇതിനെതിരെ മരിച്ചയാളുടെ കുടുംബം നല്‍കിയ പുന:പരിശോധന ഹര്‍ജിയിലാണ് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി. മുപ്പത്തിനാല് വര്‍ഷമായി  നിഴല്‍ പോലെ പിന്തുടരുന്ന കേസില്‍ ഒടുവില്‍ നവജ്യോത് സിങ് സിദ്ദു ജയിലിലേക്ക്. 1987ല്‍ പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിദ്ദുവും സുഹൃത്തും ഗുര്‍മാന്‍ സിങെന്ന് പേരുള്ള 64കാരനെ മര്‍ദ്ദിച്ചു. ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. മരണ കാരണം മര്‍ദ്ദനമാണോയെന്ന് വ്യക്തമായില്ലെങ്കിലും സിദ്ദുവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. 1999ല്‍ വിചാരണക്കോടതി സിദ്ദുവിനെ വെറുതെവിട്ടു. ഇതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സിദ്ദുവിനെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 

 

ബിജെപിയിലായിരുന്ന സിദ്ദുവിന് എം.പി സ്ഥാനം രാജീവയ്ക്കേണ്ടിവന്നു. ജയിലില്‍ പോകാനായി കീഴടങ്ങിയെങ്കിലും തൊട്ടടുത്ത ദിവസം ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സിദ്ദു നല്‍കിയ അപ്പീലില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ 2018ല്‍ സുപ്രീംകോടതി ആയിരം രൂപ പിഴയാക്കി ചുരുക്കി. ഇതിനെതിരെ മരിച്ചയാളുടെ കുടുംബം നല്‍കിയ പുന:പരിശോധന ഹര്‍ജിയിലാണ് ഒരു വര്‍ഷത്തെ കഠിന തടവ് വിധിച്ചിരിക്കുന്നത്. നിയമത്തിന് മുന്നില്‍ കീഴടങ്ങുമെന്ന് സിദ്ദു ട്വിറ്ററില്‍ പ്രതികരിച്ചു. കീഴടങ്ങിയില്ലെങ്കില്‍ സിദ്ദുവിനെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തേക്കും.