ദുബായില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് സമര്‍പ്പിച്ചേക്കും. ആന്തരികാവയവങ്ങളുടെ രാസപരിശോധനയും ഇന്ന് നടക്കും. റിഫയുടെ ഖബറക്ക സമയത്ത് ഉണ്ടായിരുന്നവര്‍ അടക്കം കൂടുതല്‍ പേരുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് കഴിയുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍. റിഫയുടെ മൃതദേഹം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഇന്ന് അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. പരിശോധനയില്‍ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകള്‍ കണ്ടെത്തിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സംശയങ്ങള്‍ക്ക് ഉത്തരംകിട്ടുമെന്ന് പൊലീസ് വ്യക്തമാക്കി. റിഫയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് സംഘം ശേഖരിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബില്‍ ഇന്ന് രാസപരിശോധന നടക്കും. ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് രാസപരിശോധന. ദുബായില്‍ മരിച്ച റിഫയുടെ മൃതദേഹം പോസ്റ്്മോര്‍ട്ടം നടത്താതെയായിരുന്നു നാട്ടില്‍ ഖബറടക്കിയത്. മൃതദേഹം ഏറ്റുവാങ്ങിയവരും ഖബറടക്കിന് ഉണ്ടായിരുന്നവരും ഉള്‍പ്പടെ കൂടുതല്‍ പേരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്‍റെ പീഡനമാണ് മരണത്തിന് കാണമെന്നാണ് കുടുബത്തിന്‍റെ പരാതി. ദുബായിലുള്ള മെഹ്നാസിന്‍റെ സുഹൃത്തുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. നിലവില്‍ മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മെഹ്നാസിനെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. കൂടുതല്‍ പേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷം മെഹ്നാസിലേക്ക് എത്താനാണ് പൊലീസിന്‍റെ തീരുമാനം.