പാലക്കാട് എലപ്പുള്ളിയിലെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവൺമെന്റ് ജിഎം എൽപി സ്കൂൾ അധ്യാപകനും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുതുനഗരം ഡിവിഷണൽ പ്രസിഡന്റുമായ ബാവയാണ് പിടിയിലായത്. സഞ്ജിത്തിന്റെ കൊലയ്ക്ക് ശേഷം അഞ്ച് മാസത്തിലേറെയായി ബാവ ഒളിവിലായിരുന്നു. വിരമിക്കേണ്ട ദിവസം ബാവയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിനൊപ്പം കൊലയാളികള്‍ക്ക് വേണ്ട സഹായം ചെയ്തതും ബാവയുടെ നേതൃത്വത്തിലെന്നാണ് കണ്ടെത്തല്‍. സഞ്ജിത്തിനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മുഖ്യപ്രതികള്‍ക്ക് ബാവയാണ് ഒളിച്ചുകഴിയാനുള്ള സൗകര്യം ഒരുക്കിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഇടങ്ങളിലായി ബാവ ഒളിച്ച് താമസിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബാവയുടെ അറസ്റ്റോടെ സഞ്ജിത്ത് വധത്തില്‍ പിടിയിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി. ഇരുപത് പ്രതികളില്‍ എട്ടാളുകള്‍ ഇപ്പോഴും ഒളിവിലാണ്. വിഡിയോ റിപ്പോർട്ട് കാണാം.

 

 

കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കും www.manoramanews.com