പാലക്കാട് എലപ്പുള്ളിയിലെ ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് വധക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണു കണ്ടെത്തൽ. കേസിലിനിയും 9 പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. നവംബർ പതിനഞ്ചിനാണ് മമ്പ്രത്തിനു സമീപം കാറിലെത്തിയ അഞ്ചംഗ സംഘം ബൈക്കിടിച്ച് വീഴ്ത്തി സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. തൊണ്ണൂറ് ദിവസം തികയും മുന്‍പ് ഇതുവരെ അറസ്റ്റിലായ പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കുകയായിരുന്നു. 

 

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചുപേരുള്‍പ്പെടെ പതിനൊന്നു പേരാണ് അറസ്റ്റിലായത്. കേസില്‍ ഇരുപത് പ്രതികളുണ്ടെന്ന് അന്വേഷസംഘം. രാഷ്ട്രീയ വിരോധം കാരണം ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. എസ്ഡിപിഐ പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസില്‍ സഞ്ജിത്തിനു ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലെത്തിച്ചത്. 2186 പേജുള്ള കുറ്റപത്രം. 350 സാക്ഷികള്‍. ആയിരത്തിലേറെ ഫോണ്‍വിളി രേഖകള്‍. ഇരുപത്തി നാല് സിസിടിവികളില്‍ നിന്ന് ശേഖരിച്ച പത്ത് ജിബിയിലേറെയുള്ള ദൃശ്യങ്ങള്‍.  

 

നെന്മാറ സ്വദേശി അബ്ദു‍ൽ സലാം, ജാഫർ സാദിഖ്, ഇന്‍ഷ് മുഹമ്മദ് ഹക്ക്, ഇംതിയാസ് അഹമ്മദ്, മുഹമ്മദ് യാസിന്‍, ജാഫര്‍, മുഹമ്മദ് ഹാറൂണ്‍, നസീര്‍, നൗഫല്‍, ഇബ്രാഹിം മൗലവി, ബാവ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. അറസ്റ്റിലായ ‌പുത്തനത്താണി സ്വദേശി അബ്ദുൽ ഹക്കിമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടന നേതൃത്വത്തിന്റെ സഹായം ലഭിച്ചെന്ന് തെളിഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പൊള്ളാച്ചിക്കു സമീപം കടയിൽ പൊളിച്ചു വിറ്റതിന്റെ  തെളിവുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന ആയുധങ്ങളും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.