അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ ജമ്മു കശ്മീര്‍ കെട്ടിപ്പടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിലും ജാനാധിപത്യത്തിലും ജമ്മു കശ്മീര്‍ രാജ്യത്തിനിന്ന് മാതൃകയാണ്. പതിറ്റാണ്ടിനിടെ 17,000 കോടി രൂപയുടെ നിക്ഷേപമാണ് കശ്മീരിലേക്ക് വന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 38,000 കോടി രൂപയുടെ നിക്ഷേപമെത്തിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന്‍റെ ഭാഗമായി ജമ്മുവിലെ പാലി ഗ്രാമത്തില്‍ രാജ്യത്തെ മുഴുവന്‍ ഗ്രാമസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇരുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബനിഹല്‍–ഖാസിഗുണ്ട് തുരങ്കപാതയുടെയും 500 കിലോ വാട്ടിന്‍റെ സോളാര്‍ വൈദ്യതി നിലയത്തിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 1390 മെഗാവാട്ടിന്‍റെ ജലവൈദ്യുതി പദ്ധതികള്‍ക്കും ഡല്‍ഹി–അമൃത്സര്‍–കത്ര അതിവേഗ പാതയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.