TAGS

ഓസ്കര്‍ പുരസ്കാരദാന വേദിയില്‍ അവതാകരനെ തല്ലിയതിന് മാപ്പ് പറഞ്ഞ്് നടന്‍ വില്‍ സ്മിത്ത്. തന്റെ പെരുമാറ്റം അംഗീകരിക്കാനാവാത്തതും ന്യായീകരിക്കാന്‍ കഴിയാത്തതുമായിപ്പോയെന്ന് വില്‍ സ്മിത്ത് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള തമാശ താങ്ങാവുന്നതിലും അപ്പുറമായതിനാല്‍ വൈകാരികമായി പ്രതികരിച്ചുപോയതാണെന്നും താരം പറഞ്ഞു. മര്‍ദനമേറ്റ അവതാരകന്‍ ക്രിസ് റോക്കിന്റെ പേരെടുത്ത് ക്ഷമാപണം നടത്തിയ വില്‍ സ്മിത്ത് സ്നേഹത്തിന്റെയും കരുണയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ലെന്നും കുറിച്ചു.  അക്കാദമിയോടും പരിപാടി കണ്ട ലോകത്തെ എല്ലാ ജനങ്ങളോടും മാപ്പ് പറയുന്നതായും മികച്ച നടനുള്ള ഈ വര്‍ഷത്തെ ഓസ്കര്‍ പുരസ്കാര ജേതാവ് വില്‍ സ്മിത്ത് അറിയിച്ചു. അതേസമയം, വില്‍ സ്മിത്തിന്റെ നടപടിയെ അക്കാദമി അപലപിച്ചു. എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗികമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന്  അക്കാദമി വ്യക്തമാക്കി.