peacetalk-02

യുക്രെയ്ന്‍ –റഷ്യ രണ്ടാംവട്ട സമാധാനചര്‍ച്ച ഇന്ന്. ചര്‍ച്ചയ്ക്ക് മുന്‍പായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കൂ എന്നിട്ടാകാം ചര്‍ച്ച എന്നാണ് യുക്രെയ്ന്‍ നിലപാട്. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സെലെന്‍സ്കി നിലപാട് അറിയിച്ചത്. ഇതിനിടെ, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി സെലന്‍സ്കി ഫോണ്‍ സംഭാഷണം നടത്തി. നയതന്ത്രനീക്കങ്ങള്‍ പുട്ടിന്‍ തള്ളിക്കളഞ്ഞെന്ന് ആരോപിച്ച ബൈഡന്‍, റഷ്യയ്ക്കെതിരായ ഉപരോധം ഫലംകണ്ടു തുടങ്ങിയെന്ന് അവകാശപ്പെട്ടു.  യു.എസ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുന്ന പ്രസിഡന്‍റ് ഇന്ന് നയം വ്യക്തമാക്കിയേക്കും. യുദ്ധത്തിന് കാരണം അമേരിക്കയാണെന്ന്  ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി കുറ്റപ്പെടുത്തി. 

 

അതേസമയം, കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന തകര്‍ത്തു.ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നും അഞ്ചുപേര്‍ക്ക് പരുക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം തദ്ദേശിയരാണ്. കീവിലെ ടവര്‍ തകര്‍ത്തതോടെ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം പൂര്‍ണമായി നിലച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതിനിടെ റഷ്യയ്ക്കെതിരെയുള്ള ഉപരോധവും വിവിധ രാജ്യങ്ങള്‍ കടുപ്പിച്ചു. റഷ്യന്‍ കപ്പലുകള്‍ക്ക് കാനഡ ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. കാനഡയുടെ പരിധിയിലുള്ള പോര്‍ട്ടുകളില്‍ കപ്പലുകളെ പ്രവേശിപ്പിക്കില്ല. ആപ്പിള്‍ കമ്പനി റഷ്യയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തി.