deepu-kizhakkambalam-2

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു മരിച്ചത് തലയിലേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ രണ്ടിടത്ത് ക്ഷതമുണ്ട്. ക്ഷതംമൂലം രക്തധമനികള്‍ പൊട്ടി. തലച്ചോറില്‍ രക്തം കട്ടപിടിച്ചു. കരള്‍ രോഗം സ്ഥിതി വഷളാക്കിയെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി20 പ്രവർത്തകൻ ദീപുവിന് നാടിന്റെ അന്ത്യാഞ്ജലി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കിഴക്കമ്പലത്തെത്തിച്ച മൃതദേഹത്തിൽ വൻജനാവലി അന്തിമോപചാരമർപ്പിച്ചു. ദീപുവിന്റെ മരണത്തിൽ ട്വന്റി ട്വന്റിയും സിപിഎമ്മും ആരോപണ പ്രത്യാരോപണങ്ങൾ ഇന്നും തുടർന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞു മൂന്നരയോടെയാണ് ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നഗറിൽ എത്തിച്ചത്.ആംബുലൻസ് വരുന്നത്. ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബിനൊപ്പം ട്വന്റി 20യുടെ ജനപ്രതിനിധികളും പ്രവർത്തകരും  അന്തിമോപചാരമർപ്പിച്ചു.  ബി.ജെ.പി നേതാക്കളും ദീപുവിനെ കാണാൻ എത്തി.  നാല് മണിയോടെ പ്രവർത്തകരുടെ അകമ്പടിയിൽ മൃതദേഹം വീട്ടിലേക്ക്. 

പ്രതിപക്ഷ നേതാവ് വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. മതപരമായ ചടങ്ങുകൾക്ക് ശേഷം കാക്കനാട് പൊതുശ്മശാനത്തിൽ സംസ്കാരം. ദീപുവിന്റെത് സിപിഎം ആസൂത്രണം ചെയ്ത കൊലപാതകമാണെന് ആരോപിച്ച സാബു എം ജേക്കബ്, എം.എൽ.എ പി.വി.ശ്രീനിജനെതിരെ തുറന്നടിച്ചു. പിന്നാലെ സാബുവിന് മറുപടിയുമായി ശ്രീനിജൻ എത്തി. അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് പൂർണ പിന്തുണയുമായി പാർട്ടി പ്രദേശിക നേതൃത്വവും രംഗത്ത് വന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കിഴക്കമ്പലത്ത് വൻ പൊലീസ് സന്നാഹം തുടരുന്നുണ്ട്.

കിഴക്കമ്പലം കൊലപാതകത്തിൽ  പി.വി.ശ്രീനിജിൻ എംഎൽഎ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ട്വന്റി ട്വന്റി. എംഎൽഎയുടെ അറിവോടെ ആസൂത്രിതമായി നടന്ന കൊലപാതകമാണെന്ന ആരോപണം തള്ളിയ സിപിഎം പ്രതികളുടെ നിരപരാധിത്വം തെളിയിക്കുമെന്ന് ആവർത്തിച്ചു. ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ആരോപിച്ചാണ് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മാധ്യമങ്ങളെ കണ്ടത്. പി.വി.ശ്രീനിജിൻ എംഎൽഎയ്ക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും സാബു ആവശ്യപ്പെട്ടു. 

എംഎൽഎയുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചാൽ ഗൂഢാലോചനയടക്കം പുറത്തുവരും.തന്നെയും കിറ്റെക്സിനെയും ട്വന്റി ട്വന്റിയെയും ഇല്ലായ്മചെയ്യുകയാണ് ലക്ഷ്യമെന്നും സാബു ആരോപിച്ചു. എന്നാൽ എംഎൽഎയെയും പ്രതികളായ പ്രവർത്തകരെയും പ്രതിരോധിച്ച സിപിഎം ദീപുവുമായി സംഘർഷം ഉണ്ടിയിട്ടില്ലെന്ന് പ്രതികരിച്ചു. ട്വന്റി ട്വന്റിയുടെ വാർഡംഗത്തിന്റെ മൊഴിയിലാണ് പൊലീസ് കേസെന്നും സിപിഎം ആരോപിച്ചു.  ഇതിനിടെ ഗൂഢാലോചന സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് റൂറൽ എസ്.പി. കെ.കാർത്തിക് പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കുകയാണ് ഇപ്പോൾ ലക്ഷ്യം.അന്വേഷണം പുരോഗമിക്കുന്നതായും എസ്. പി പറഞ്ഞു. കിഴക്കമ്പലത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.