ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ കേദാര്‍നാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്ര നഗരികളിലെ വികസനമാണ് ബിജെപിയുടെ മുഖ്യപ്രചാരണ വിഷയം. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള വിവാദ നീക്കം ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്‍റെ പ്രതിരോധം. അധികാരത്തിലെത്തിയാല്‍ ഹരിദ്വാറിലെ വിദ്വേഷ പ്രചാരകര്‍ക്കെതിരെ നടപടിയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു.
51 പ്രധാന ക്ഷേത്രങ്ങളെ ഒരു ബോര്‍ഡിന് കീഴില്‍ കൊണ്ട് വരാനുള്ള ചാര്‍ ധാം ദേവസ്ഥാനം ഭരണ സമിതി ബില്ല് പാസാക്കിയ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നീക്കം വലിയ വിവാദമായിരുന്നു. മത പുരോഹിതരോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസും സമരത്തിന് ഇറങ്ങിയതോടെ അപകടം തിരിച്ചറിഞ്ഞ ബിജെപി ബില്‍ പിന്‍വലിക്കുകയും ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി പുഷ്കര്‍സിങ് ധാമിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എങ്കിലും വിഷയത്തിലെ ജനരോഷം പൂര്‍ണമായും ശമിച്ചിട്ടില്ല. ഇതാണ് കോണ്‍ഗ്രസ് മുതലാക്കാന്‍ ശ്രമിക്കുന്നത്.
ഹരിദ്വാറിലെ ധര്‍മ് സന്‍സദില്‍ മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രചാരണങ്ങളില്‍ ഉറപ്പ് നല്‍കുന്നു. ഹരീഷ് റാവത്ത് മുസ്‌ലിം പ്രീണനം നടത്തുകയാമെന്നതാണ് ബിജെപിയുടെ പ്രത്യാരോപണം.