റോഡ്, റെയില്‍ തുടങ്ങിയ ഏഴ് അടിസ്ഥാന സൗകര്യ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള പി.എം ഗതിശക്തി മാസ്റ്റര്‍പ്ലാന്‍ ബജറ്റില്‍ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന്. പദ്ധതിയുടെ ഭാഗമായി വരുന്ന സാമ്പത്തിക വര്‍ഷം ദേശീയപാതകള്‍ 25000 കിലോമീറ്റര്‍ വികസിപ്പിക്കും.  നാനൂറ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കും. മലയോര റോഡ് വികസനത്തിന് പര്‍വത് മാല പദ്ധതി നടപ്പാക്കും. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി പ്രതിരോധ ഇറക്കുമതി കുറക്കമുമെന്നും 68ശതമാനം പ്രതിരോധ ഇടപാടുകളും ആഭ്യന്തര വിപണിയില്‍ നിന്നായിരക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

 

75ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രഖ്യാപിച്ച നൂറ് ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് പി.എം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍. പദ്ധതി ഈ സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്നതാണ് ഈ ബജറ്റിലെ ഏറ്റവും പ്രധാന പ്രഖ്യാപനം. 

 

പദ്ധതിയുടെ ഭാഗമായി വരുന്ന സാമ്പത്തിക വര്‍ഷം നടപ്പാക്കാനായി പ്രഖ്യാപിച്ച കാര്യങ്ങള്‍ ഇവയാണ്. ദേശീയപാത ശൃംഘലകള്‍ 25000 കിലോമീറ്ററായി വികസിപ്പിക്കും. ഇതിനായി ഇരുപതിനായിരം കോടി രൂപ വകയിരുത്തി. മലയോര പാതകളുടെ വികസനത്തിനായുള്ള പര്‍വ്വത് മാല പദ്ധതിയുടെ ഭാഗമായി അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ട് പദ്ധതികള്‍ക്ക് കരാര്‍നല്‍കും. റെയില്‍വഴി ചെറുകിട കര്‍ഷകരുടെയും വ്യവസായങ്ങളുടെയും  ചരക്ക് നീക്കത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി 'ഒരു സ്റ്റേഷന്‍ ഒരു ചരക്ക് പദ്ധതി' നടപ്പാക്കും. അടുത്ത മൂന്ന് വര്‍ഷത്തിനിടെ നാനൂറ് വന്ദേഭാരത് പുതുതലമുറ ട്രെയിനുകള്‍ വികസിപ്പിക്കും. റെയില്‍വേയുമായി ബന്ധപ്പെടുത്തി അടുത്ത മൂന്ന് വര്‍ഷത്തിനിടെ നൂറ് മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കും.  ഗതിശക്തി പദ്ധതികള്‍ നിക്ഷേപിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഒരുലക്ഷം കോടിരൂപ പലിശ രഹിത വായ്പ നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 9.08 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയിലേക്ക് ജലസേചനവും 62 ലക്ഷം പേര്‍ക്ക് കുടിവെള്ളവും 103 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പാദനവും 27 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദനവും ലക്ഷ്യമിട്ടുള്ള കെന്‍–ബെത്‌വ ലിങ്ക് പദ്ധതിക്ക് 14000 കോടി രൂപ വകിയിരുത്തി.