നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്‌ചയില്ലെന്ന് ആരോഗ്യ വകുപ്പ്. നീതു  ആസൂത്രണത്തോടെയാണ് കുട്ടിയെ മോഷ്ടിച്ചതെന്നും ജീവനക്കാരുടെ സഹായം ലഭിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജാഗ്രതക്കുറവ് കണക്കിലെടുത്ത് സെക്യൂരിറ്റി ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അമ്മ അശ്വതിയും കുഞ്ഞ് അജയ്യയും ആശുപത്രി വിട്ടു.

 

ആരോഗ്യ വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ തോമസ് മാത്യുവിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്ന കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഘം

ആശുപത്രിയിൽ അന്ന് ജോലിയിലുണ്ടായിരുന്നവരിൽ നിന്നും വിവരങ്ങൾ തേടി. ഏതാനും മിനിറ്റുകൾ മാത്രമാണ് നീതു ആശുപത്രിയിൽ ചെലവഴിച്ചത്. ജീവനകാരിൽ ആരുമായും സംസാരിച്ചില്ല.  ആശുപത്രിയുടെ പ്രവർത്തനത്തെ സംബന്ധിച്ച വ്യക്തമായ ധാരണ നീതുവിന് ഉണ്ടായിരുന്നതായും അന്വേഷണസംഘം പറയുന്നു. ഇതെങ്ങനെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. 

 

സുരക്ഷ ക്രമീകരണങളിൽ വരുത്തേണ്ട പരിഷ്ക്കാരങ്ങളും വ്യക്തമാക്കുന്ന റിപോർട്ട്  ഒരാഴ്ചയ്ക്കുള്ളിൽ ആരോഗ്യ മന്ത്രിക്ക് കൈമാറും.  ആർഎംഒ നൽകിയ ഇടക്കാല റിപ്പോർട്ട് കണക്കിലെടുത്താണ് സുരക്ഷാ ജീവനക്കാരി മിനിയെ സസ്പെൻഡ് ചെയ്തത്.  ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിന് ശേഷം അശ്വതിയും കുടുംബവും കുഞ്ഞ് അജയ്യയോടൊപ്പം ആശുപത്രി വിട്ടു. കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിൽ അജയ്യയ്ക്ക് സമ്മാനങ്ങൾ നൽകി.

 

ഗാന്ധിനഗർ സ്റ്റേഷനിലെത്തി പൊലീസുകാർക്ക് മധുരം നൽകിയ ശേഷമായിരുന്നു കുടുംബത്തിൻ്റെ നാട്ടിലേക്കുള്ള മടക്കം. 

 

കേസിൽ അറസ്റ്റിലായ പ്രതി നീതുവിൻ്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ റിമാൻഡ് ചെയ്തു.