ബിജെപി സർക്കാറിന്‍റെ രണ്ടു വർഷം പൂർത്തിയാകുന്ന ചടങ്ങിൽ അതിനാടകീയമായി ആ എഴുപത്തിയെട്ടുകാരൻ പൊട്ടിക്കരഞ്ഞു. രാജി പ്രഖ്യാപിച്ചു. അങ്ങനെ മറ്റൊരു കർ- നാടകത്തിനുകൂടി തിരിതെളിയുകയാണ് കർണാടകയിൽ. കടുവ രാജാവ് അഥവാ രാജ ഹൂളി കളമൊഴിയുന്നതിലൂടെ കര്‍ണാടക രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവ്.
ബൂകനക്കെരെ സിദ്ധലിംഗപ്പ യെദിയൂരപ്പ ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവ്. പലതവണ ഉടക്കിയും ഇണങ്ങിയും ബിജെപിക്ക് ഒഴിച്ചുകൂടാനാവാത്ത മുഖമായ നേതാവ്. എന്നാൽ, ഇന്ന് ആ നേതാവ് പടിയിറങ്ങുന്നത് കരഞ്ഞുകലങ്ങിയ കണ്ണുമായാണ്. പൊതുവേദിയിൽ വിങ്ങിപ്പൊട്ടിയാണ്. എത്ര ആഞ്ഞുപിടിച്ചിട്ടും ദക്ഷിണേന്ത്യയിൽ താമര വിരിയിക്കാൻ പാടുപെട്ട ബിജെപിയെ 2007ൽ കർണാടകയിൽ ഭരണത്തിലേറ്റി. ഒരേ അളവിൽ തന്ത്രവും കുതന്ത്രവും കോർത്തിണക്കി പലകുറി ബിജെപിയുടെ രക്ഷകനായി. എന്നാൽ നിർഭാഗ്യവും വിവാദങ്ങളും യെഡിയൂരപ്പയെ വിടാതെ പിന്തുടർന്നു. നിർണായക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നാലാം തവണയും പടിയിറങ്ങേണ്ടി വന്നത് കലാവധി പൂർത്തിയാക്കാതെയാണ്. വിഡിയോ കാണാം.