jaya-yediyurappa-temple-gif

കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയപ്രമുഖകര്‍ക്ക് ഭക്തിയും വിശ്വാസങ്ങളും അധികാരം പോലെ പ്രധാനപ്പെട്ടതാണ്. ജയലളിതയ്ക്ക് പിന്നാലെ യെഡിയൂരപ്പയ്ക്ക് വേണ്ടിയും പൂജകളും വഴിപാടുകളും നടക്കുകയാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ.കർണാടകയിൽ സഖ്യകക്ഷി സർക്കാരിന്റെ പതനത്തിന് ശേഷം ബിജെപി നേതാവ് യെഡിയൂരപ്പയുടെ പേരിൽരാജരാജേശ്വര ക്ഷേത്രത്തിൽ വീണ്ടും പൊന്നുംകുടം സമർപ്പിച്ചു. കർണാടകയിൽ നിന്നെത്തിയ യെഡിയൂരപ്പയുടെ വിശ്വസ്തനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുമാരസ്വാമി സര്‍ക്കാര്‍ താെഴ വീണതിന് പിന്നാലെ വഴിപാട് സമര്‍പ്പിച്ചത്.

ഏതാനും ദിവസങ്ങൾക്കു മുൻപും ഉദ്ദിഷ്ട കാര്യസാധ്യത്തിനായി നടത്തുന്ന പൊന്നുംകുടം വഴിപാട് യെഡിയൂരപ്പയുടെ പേരിൽ നടത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കാര്യസാധ്യത്തിനും വിഘ്നങ്ങൾ നീക്കാനുമായി പട്ടംതാലി സമർപ്പണവും തുടർച്ചയായി നടത്തി. മുൻപും പലതവണ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുകയും ആനയെ നടയിരുത്തുകയും ചെയ്ത യെഡിയൂരപ്പ അധികാരമേറ്റാൽ ഉടൻ തന്നെ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുമെന്നാണ് സൂചന. കർണാടക ഡപ്യൂട്ടി സ്പീക്കറായിരുന്ന രാമകൃഷ്ണ റെഡ്ഡിയും കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ എത്തിയിരുന്നു.

അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയും രാജരാജേശ്വര ക്ഷേത്രത്തില്‍ പൂജകളും വഴിപാടുകളും നടത്തിയിരുന്നു. ഒരു ആനയെ ജയലളിത ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയിരുന്നു. രാഷ്ട്രീയജീവിതത്തിലെ തിരിച്ചടികളില്‍ നിന്നും ഉയര്‍ച്ചയിലേക്ക് അവര്‍ നടന്നുകയറിയപ്പോഴെല്ലാം രാജരാജേശ്വര ക്ഷേത്രത്തിനോടുള്ള വിശ്വാസം അവരില്‍ അടിയുറച്ചു. ഇപ്പോള്‍ യെഡിയൂരപ്പയും വിശ്വാസത്തിന്റെ ആ പാത പിന്തുടരുകയാണ്.