PTI8_21_2018_000206A

ജസ്ഥാനിലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ എൻഡിഎ ക്യമ്പിലും അപസ്വരങ്ങൾ. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ മുഖ്യമന്ത്രി ആശോക് ഗെലോട്ടിനെ സാഹായിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എൻഡിഎയിലെ ഒരു വിഭാഗം രംഗത്തുവന്നു. രാജസ്ഥാനിലെ നിലവിലെ സംഭവവികാസങ്ങളോട് വസുന്ധര പ്രതികരിക്കാത്തത് ശ്രദ്ധേയമായിരുന്നു. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് ഗെലോട്ടിനെ സഹായിക്കാൻ ആവശ്യപ്പെട്ടന്നാണ് രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) നേതാവും എംപിയുമായ ഹനുമാൻ ബെനിവാളിന്റെ ആരോപണം. ഇതിന് തന്റെ പക്കൽ തെളിവുണ്ടെന്നും നേതാവ് അവകാശപ്പെടുന്നുണ്ട്.

സിക്കറിലെയും നാഗൗറിലെയും എല്ലാ ജാട്ട് എം‌എൽ‌എയെയും വിളിച്ച് സച്ചിൻ പൈലറ്റിൽ നിന്ന് അകലം പാലിക്കാനാണ് വസുന്ധര ആവശ്യപ്പെട്ടത്. ട്വിറ്ററിലാണ് ബെനിവാൾ തന്റെ ആരോപണം കുറിച്ചത്. വസുന്ധരയുടെ നിത്യവിമര്‍ശകനായ ഇദ്ദേഹം 2018ൽ ബിജെപി വിട്ടിരുന്നു.

എന്നാൽ വസുന്ധര രാജെക്കെതിരായ ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ തള്ളി. വസുന്ധര ബിജെപിയുടെ സമുന്നതയായ നേതാവാണ്. ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി ബെനിവാളിനോട് ആവശ്യപ്പെട്ടു.

രാജസ്ഥാനിൽ അശോക് ഗെലോട്ട് സച്ചിൻ പൈലറ്റ് പോര് നടക്കുന്നതിനിടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ്.

ഇതിനിടെയും രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയ നാടകം തുടരുന്നു. സച്ചിൻ പൈലറ്റും 18 വിമത എംഎൽഎ മാരും സ്‌പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ സമർപ്പിച്ച ഹർജി രാജസ്ഥാൻ ഹൈക്കോടതി നാളെ പരിഗണിക്കും. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ബിജെപിയിലേക്കില്ലെന്ന പ്രസ്താവനക്ക് പിന്നാലെ പാർട്ടി മുന്നോട്ട് വെച്ച അനുനയ സന്നദ്ധതയോട് സച്ചിൻ പൈലറ്റ് ഇത് വരെ പ്രതികരിച്ചിട്ടില്ല. സച്ചിന്റെ പുതിയ നീക്കത്തെയും കോൺഗ്രസ്‌ സംശയത്തോടെയാണ് കാണുന്നത്.

അയോഗ്യരാക്കാതിരിക്കാനുള്ള കാരണം നാളെയ്ക്കകം വ്യക്തമാക്കണമെന്നാണ് സ്പീക്കർ സി.പി ജോഷി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ജയ്‌പ്പൂരിൽ എത്തണമെന്ന നിർദേശം പാർട്ടി നൽകിയെങ്കിലും ഹരിയാനയിലെ ഹോട്ടലിൽ തന്നെ കഴിയുകയാണ് വിമത എംഎൽഎ മാർ.