കോവിഡിനെ തുടർന്ന് രാജ്യം ലോക്ഡൗണിലായിട്ട് ഇന്ന് 50 ദിവസം. ലോക്ഡൗൺ നാലാംഘട്ടത്തിലേക്ക് നീങ്ങുമ്പോഴും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 70,756 ആയി. ഇതുവരെ 2,293 പേര്‍ മരിച്ചു.
ഇത് വരെ കണ്ടു പരിചയിക്കാത്ത സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോവിഡ് വ്യാപനം മുൻകൂട്ടി കണ്ട് മാർച്ച് 24 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ 500 ഓളം കേസുകളും 10 മരണവും മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. പിന്നീട് മൂന്ന് തവണ നീട്ടേണ്ടി വന്ന ലോക്ക് ഡൗൺ 50 ദിവസം പിന്നിടുമ്പോൾ പക്ഷെ കണക്കുകൾ ഭയപ്പെടുത്തുന്നു.
കോവിഡ് ബാധിതരുടെ എണ്ണം 70, 756 ആയി. മരണസംഖ്യ 2300 നോട് അടുക്കുന്നു. എങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ലോക്ക് ഡൗൺ ഫലപ്രദമായിരുന്നുവെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് അനിയന്ത്രിതമായി കോവിഡ് രോഗം പടരുന്നത്. അതോടൊപ്പം തമിഴ്‌നാടും മധ്യപ്രദേശും രാജസ്ഥാനും ആശങ്കയായി തുടരുന്നു. 12.2 ദിവസം കൂടുമ്പോഴാണ് കോവിഡ് വ്യാപനം ഇപ്പോൾ ഇരട്ടിക്കുന്നത്. രോഗമുക്തി നിരക്ക് ഉയരുന്നതും ആശ്വാസമാണ്. 17, 59, 579 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഡൽഹിയിൽ 27 സിഐഎസ്എഫ് ജവാന്മാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.