Image Credit:x/supriyasahu

  • മണിപ്പുരിലെ തമിങ്‌ലോങില്‍ നിന്ന് പറന്നുയര്‍ന്ന അപപ്പാങ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മേലേക്കൂടി മാത്രം താണ്ടിയാണ് ഒറ്റപ്പറക്കലിന് സൊമാലിയയില്‍ എത്തിയത്

നിശ്ചയദാര്‍ഢ്യത്തിന്‍റെ പുതിയ പ്രതീകമായി മാറിയിരിക്കുകയാണ് അപപ്പാങ് എന്ന ആണ്‍ അമുര്‍ ഫാല്‍ക്കണ്‍ (ചെങ്കാലന്‍ പുള്ള്). മണിപ്പുരില്‍ നിന്ന് ആഫ്രിക്കയിലെ സൊമാലിയയിലേക്കാണ് അമുര്‍ ഫാല്‍ക്കണ്‍ നിര്‍ത്താതെ പറന്നത്. ദേശാടനപ്പക്ഷികള്‍ ഒറ്റത്തവണ സഞ്ചരിച്ചതില്‍ ഏറ്റവും വലിയ ദൂരമായാണിതിനെ കണക്കാക്കുന്നത്. മണിപ്പുരിലെ തമിങ്‌ലോങില്‍ നിന്ന് പറന്നുയര്‍ന്ന അപപ്പാങ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മേലേക്കൂടി മാത്രം താണ്ടിയാണ് ഒറ്റപ്പറക്കലിന് സൊമാലിയയില്‍ എത്തിയതെന്ന് ഐഎഎസ് ഓഫിസര്‍ സുപ്രിയ സാഹുവാണ് കുറിച്ചത്. പ്രകൃതിയിലെ തന്നെ അദ്ഭുതമാണിതെന്നും അവര്‍ കുറിച്ചു.

അപപ്പാങ് സൊമാലിയയില്‍ എത്തിയതിന് പിന്നാലെ അലാങ് എന്ന മറ്റൊരു ചെങ്കാലന്‍ പുള്ളും യാത്ര പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി ഏറെദൂരം സഞ്ചരിക്കുന്ന ദേശാടനപ്പക്ഷികളാണ് അമുര്‍ ഫാല്‍ക്കണ്‍ (ചെങ്കാലന്‍ പുള്ളുകള്‍). വടക്കുകിഴക്കന്‍ സൈബീരിയയില്‍ നിന്ന് ആരംഭിക്കുന്ന ദേശാടനം പതിവ് പാതയായ കൊറിയ, കിഴക്കന്‍ മംഗോളിയ,വടക്കു കിഴക്കന്‍ ചൈന, തെക്കു കിഴക്കന്‍ റഷ്യ എന്നിവിടങ്ങളിലുമെത്തും. ഇവിടമാണ് ഇവയുടെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. ശൈത്യകാലം ചെലവിടുന്നതിനായാണ് ഇവ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് പറക്കുന്നത്. കാറ്റിന്‍റെ ഗതിയനുസരിച്ച് തിരിച്ച് സൈബീരിയയിലേക്ക് ഇവ മടങ്ങും. പറക്കലിനിടെ ഡ്രാഗണ്‍ ഫ്ലൈകളെ അകത്താക്കിയാണ് വിശപ്പകറ്റുന്നത്. 

മണിപ്പുരും നാഗാലാന്‍ഡുമാണ് ഇന്ത്യയിലെ പ്രധാന അമുര്‍ ഫാല്‍ക്കണ്‍ തലസ്ഥാനങ്ങള്‍. ഒക്ടോബര്‍–നവംബര്‍ മാസങ്ങളിലാണ് ഇവ ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ 99 ശതമാനം അമുര്‍ ഫാല്‍ക്കണുകളും മണിപ്പുര്‍ തൊട്ടാണ് പോകുക.

ENGLISH SUMMARY:

A male Amur falcon named Apapang has amazed wildlife enthusiasts by completing a nonstop flight of approximately 5,400 kilometres from Tamenglong in Manipur to Somalia in Africa. The remarkable journey across the Indian Ocean is being described as one of the longest recorded nonstop flights by a migratory bird. Another Amur falcon, named Alang, also completed its journey shortly afterwards, highlighting the extraordinary endurance of these migratory birds. Amur falcons travel from their breeding grounds in Siberia and neighbouring regions to Africa for the winter, with Manipur and Nagaland serving as important stopover regions in India.