ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ശക്തിയേറിയ ന്യൂനമര്‍ദം വരുന്ന മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി രൂപമെടുക്കുമെന്നും ആന്ധ്ര തീരത്തേക്ക് നീങ്ങുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ചുഴലിക്കാറ്റായി രൂപമെടുക്കുമ്പോള്‍ അക് വാന്‍ എന്നാവും പേരു നല്‍കുക. ഇറാന്‍ നിര്‍ദേശിച്ച പേരാണിത്.
ഞായറാഴ്ച ശ്രീലങ്കക്ക് സമീപം, ട്രിങ്കോമാലിയില്‍ നിന്ന് ഏകദേശം 670 കിലോ മീറ്റര്‍ അകലെയായാണ് ന്യൂനമര്‍ദം സ്ഥിതിചെയ്തിരുന്നത്. അവിടെ നിന്ന് ന്യൂനമര്‍ദം വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. ആന്ധ്ര– ഒഡീഷ തീരങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നെല്ലൂരിന് സമീപത്തുകൂടിയാവും ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക എന്നാണ് ഇപ്പോഴുള്ള പ്രവചനം. മണിക്കൂറില്‍ 145 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും അതി തീവ്രമഴക്കും സാധ്യതയുണ്ട്. സംസ്ഥാന പൊലീസിനും അഗ്നി ശമന സേനക്കും പുറമെ എന്‍ ഡി ആര്‍ എഫിനെയും വിന്യസിച്ചു തുടങ്ങി. തീരത്തുനിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുകയാണ്. മത്സ്യ തൊഴിലാളികളോട് കടലില്‍പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 28 ന് എത്തിയ ആര്‍ണബ് ചുഴലിക്കാറ്റ് ആന്ധ്രയില്‍ പരക്കെ നാശം വിതച്ചിരുന്നു മുരശു ചുഴലിക്കാറ്റും നവംബര്‍ രണ്ടാം തീയതി ആന്ധ്ര–ഒഡീഷതീരത്ത് കനത്ത മഴക്കും അതി ശക്തമായ കാറ്റിനും ഇടയാക്കിയിരുന്നു. അടുത്തടുത്തു വന്ന ഇവ ഇരട്ട ചുഴലിക്കാറ്റെന്ന അപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസമായി കണക്കാക്കപ്പെടുന്നു. കടലിന്‍റെ ഉപരിതലം ചുടുപിടിക്കുന്നതാണ് ന്യൂനമര്‍ദവും ചുഴലിക്കാറ്റും രൂപമെടുക്കുന്നതിന്‍റെ ഒരുകാരണം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയശേഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങളിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുന്ന സീസണ്‍. എല്‍നിനോയുടെ സ്വാധീനവും പസഫിക്ക് സമുദ്രത്തിലെ ടൈഫൂണുകളെന്ന് വിളിക്കുന്ന കൊടുങ്കാറ്റുകളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റുകള്‍ രുപമെടുക്കുന്നതിന് വഴിവെക്കും. മൂന്നുഭാഗവും കരയുള്ള ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുണ്ടായാല്‍ അവ കരയിലേക്ക് വീശിയടുക്കുകയാണ് പതിവ്. ഒക്ടോബറില്‍വരുന്ന ചുഴലിക്കാറ്റുകളിലേറെയും ഒഡീഷ– ബംഗാള്‍ തീരത്തേക്ക് നീങ്ങും. നവംബറില്‍ അപകട സാധ്യത കൂടുതല്‍ ആന്ധ്ര തീരത്താണ്. ഡിസംബറില്‍ വരുന്ന ചുഴലിക്കാറ്റുകള്‍ മിക്കവാറും കരതൊടുക തമിഴ്നാട് തീരത്തുകൂടിയാണ്. കലാവസ്ഥാ വകുപ്പിന്‍റെ ദീര്‍ഘകാലത്തെ നിരീക്ഷണങ്ങളാണ് ഇതു കാണിക്കുന്നത്.
അക് വാന്‍ ആന്ധ്ര തീരത്തുകൂടി കരയിലെത്തുകയാണെങ്കില്‍ ഒരുമാസത്തിനിടെ മൂന്നാമത്തെ ചുഴലിക്കാറ്റാവും സംസ്ഥാനത്തിന്‍റെ തീരത്തെ ബാധിക്കുക. 1970 കള്‍ക്ക്ശേഷം ഇത്തരം ഒരു സ്ഥിതിയുണ്ടാകുന്നത് ആദ്യമായാണ്. ചുഴലിക്കാറ്റിന്‍റെ തീവ്രതയും നാശം വിതക്കാനുള്ള ഉഗ്രശേഷിയും ഒഡീഷയും തമിഴ്നാടും അനുഭവിച്ചിട്ടുണ്ട്. അതിനാല്‍ ഈ സംസ്ഥാനങ്ങളും കാറ്റിനെയും മഴയെയും നേരിടാന്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തും. ഒഡീഷയുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍രാജ്യത്തിനാകെ മാതൃകയുമാണ്. ഏതായാലും വരുന്ന 24 മണിക്കൂറിനകം അറിയാം, അക് വാന്‍ എങ്ങോട്ടാണ് നീങ്ങുന്നതെന്നും അതിന് എത്ര പ്രഹരശേഷിയുണ്ടെന്നും.