മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് വാർത്തകളിൽ ഇടംനേടിയ 21കാരനാണ് 'ബിട്ടു തബാഹി' എന്ന് അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി. സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയാണ് ബിട്ടു മാസങ്ങളെടുത്ത്, ഒറ്റയ്ക്ക്, സ്വന്തം കൈകൊണ്ട് നദി വൃത്തിയാക്കിയത്. എന്നാല് മാസങ്ങള്ക്കിപ്പുറം ആ നദിയുടെ അവസ്ഥയെന്താണ്? അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്!
പിന്നാലെ പ്രതികരണവുമായി ബിട്ടുവും രംഗത്തെത്തി. നദി ശുചീകരിക്കാൻ മാസങ്ങളോളം താൻ നടത്തിയ കഠിനാധ്വാനം മുഴുവൻ പാഴായെന്ന് ബിട്ടു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ വിഡിയോയില് പറയുന്നു. എന്നാല് നിരാശനായി പിന്മാറുന്നതിന് പകരം ബിട്ടു വീണ്ടും നദിയിലേക്ക് ഇറങ്ങി മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്റെ 8 മാസത്തെ കഠിനാധ്വാനം ഇങ്ങനെ പാഴായിപ്പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്ന് ബിട്ടു ഇൻസ്റ്റാഗ്രാം വിഡിയോക്ക് താഴെ കുറിച്ചു. കൂടാതെ, നദിയിൽ നിന്ന് മാലിന്യങ്ങൾ കൂടുതൽ കാര്യക്ഷമമായി എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാനും ബിട്ടു അഭ്യർഥിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനമായ ജനുവരി 26-നാണ് ബിട്ടു ആദ്യമായി നദി ശുചീകരിക്കാൻ തുടങ്ങുന്നത്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, പായൽ എന്നിവ തനിയെ വാരി മാറ്റി. ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ, സ്വന്തം സമ്പാദ്യത്തിൽ നിന്നും പോക്കറ്റ് മണിയിൽ നിന്നും ഏകദേശം 30,000 രൂപയോളം ചെലവഴിച്ചാണ് ബിട്ടു ശുചീകരണ ദൗത്യം നടത്തിയത്. പുഴ വൃത്തിയാക്കുന്നതിന്റെ മുൻപും പിൻപുമുള്ള ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. ബിട്ടുവിന്റെ ശ്രമം ഫലം കണ്ടതോടെ ബിയാവോറ നഗരസഭ ജെ.സി.ബി അടക്കമുളള യന്ത്രങ്ങൾ ഇറക്കി പുഴയിലെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ തുടങ്ങുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ റീച്ചും വ്യൂസും കൂട്ടാൻ വേണ്ടിയുള്ള നാടകമാണിതെന്ന് വിമര്ശിച്ച് നിരവധി പേർ രംഗത്തെത്തയിരുന്നെങ്കിലും വിമർശനങ്ങൾ ഗൗനിക്കാതെ ബിട്ടു ദൗത്യം തുടരുകയായിരുന്നു. ഇതിനിടെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ബിട്ടുവിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ‘ലൈക്കുകൾക്ക് വേണ്ടി ചെയ്തതാണെങ്കില് പോലും അത് സമൂഹത്തിന് ഉപകാരപ്രദമായ ഒരു നല്ല കാര്യത്തിന് വഴിമാറുമെങ്കിൽ അതിൽ തെറ്റൊന്നുമില്ല. ബിയാവോറയിലെ ബിട്ടു തബാഹിയാണ് എന്റെ ഇന്നത്തെ പ്രചോദനം’- എന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്. ഇതിനിടെ ആഗോളതലത്തിൽ കടലിലെയും പുഴകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രവർത്തിക്കുന്ന നെതർലാൻഡ്സ് ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടന ‘ദി ഓഷ്യൻ ക്ലീനപ്പിന്റെ’ സ്ഥാപകനും സി.ഇ.ഒയുമായ ബോയൻസ്ലാറ്റ് ബിട്ടുവിനെ നേരിട്ട് തങ്ങളുടെ കമ്പനിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാല് അജ്നാർ നദി വീണ്ടും പഴയപടിയായത്, ബിട്ടുവിനെ പോലെ തന്നെ നെറ്റിസണ്സിനെയും വേദനിപ്പിച്ചിട്ടുണ്ട്. നദികളിലേക്കും ജലാശയങ്ങളിലേക്കും ആളുകൾ തുടർച്ചയായി മാലിന്യം വലിച്ചെറിയുന്നതിനെതിരെ വലിയ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ പൗരബോധമില്ലായ്മയ്ക്കെതിരെയും മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾക്കെതിരെയും നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. ബിട്ടുവിന്റെ ആത്മാർത്ഥതയെ നിരവധി പേർ പ്രശംസിക്കുന്നുണ്ട്. മാത്രമല്ല, നമ്മൾ ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്നും പല ഉപയോക്താക്കളും കമന്റ് ചെയ്യുന്നുണ്ട്.