meghalaya

ഭൂമിയിലെ ഏറ്റവും നനവാർന്ന മണ്ണെന്ന് ലോകം വാഴ്ത്തിയ നാട്ടിൽ കാലവർഷം വിടവാങ്ങാനൊരുങ്ങുമ്പോൾ അവശേഷിക്കുന്നത് കൊടുംവരൾച്ചയുടെ ഭീതിദമായ നിഴലുകൾ മാത്രം. IMD കണക്കുകൾ പ്രകാരം, രാജ്യത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ ഏറ്റവും ഉയർന്ന മഴക്കമ്മി രേഖപ്പെടുത്തിയത് മേഘാലയയിലാണ്. സാധാരണ ലഭിക്കേണ്ട മഴയിൽ നിന്ന് 59 ശതമാനം കുറവാണ് സെപ്തംബർ 15 വരെയുള്ള കണക്കുകളിൽ സംസ്ഥാനത്തുണ്ടായത്. രാജ്യത്ത് ഇത്തവണത്തെ മൺസൂണിൽ ഏറ്റവും ഉയർന്ന മഴക്കമ്മി രേഖപ്പെടുത്തിയ മേഘാലയ, ചരിത്രത്തിലെ ഏറ്റവും ഭീതിദമായ വരൾച്ചാ സാഹചര്യങ്ങളിലേക്കാണ് നീങ്ങുന്നത്. 

മേഖലയയിലെ ആകെയുള്ള 11 ജില്ലകളിൽ 10 ജില്ലകളിലും സ്ഥിതി അതീവ ഗുരുതരമാണ്. 20 മുതൽ 59 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തുന്ന 'ഡെഫിഷ്യന്റ്' , 60 മുതൽ 99 ശതമാനം വരെ കുറവ് രേഖപ്പെടുത്തുന്ന 'ലാർജ് ഡെഫിഷ്യന്റ്' വിഭാഗങ്ങളിലാണ് ഈ പത്തു ജില്ലകളും ഉൾപ്പെട്ടിരിക്കുന്നത്. ഭൂമിയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന വിസ്മയ ഇടങ്ങളായ മൗസിൻറാമും ചിറാപുഞ്ചിയും ഉൾപ്പെടുന്ന ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ മാത്രം 53 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് ജില്ല മാത്രമാണ് ഈ മഴയില്ലായ്മയിൽ നേരിയ ആശ്വാസം കണ്ടെത്തിയ ഏക പ്രദേശം.

മഴയുടെ ഈ വൻ ചതി സംസ്ഥാനത്തിന്റെ കാർഷിക മേഖലയെയും കുടിവെള്ള ലഭ്യതയെയും സാരമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന കുന്നിൻചെരിവുകളിലെ പരമ്പരാഗത കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. നെല്ല്, അടയ്ക്ക, ഇഞ്ചി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഉൽപ്പാദനം വൻതോതിൽ ഇടിയാൻ ഇത് കാരണമാകും. മഴവെള്ള സംഭരണത്തെ ആശ്രയിക്കുന്ന ഗ്രാമീണ മേഖലകളിൽ വരും മാസങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം രൂപപ്പെടാൻ സാധ്യതയേറെയാണ്.

ആഗോളതാപനവും ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ചിറാപുഞ്ചിയുടെയും മൗസിൻറാമിന്റെയും മഴലഭ്യതയെ കീഴ്മേൽ മറിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്തവണത്തെ കാലവർഷക്കമ്മി. മൺസൂൺ സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വരാനിരിക്കുന്ന വരൾച്ചാ ദിനങ്ങളെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് മേഘാലയയിലെ ജനങ്ങളും ഭരണകൂടവും

ENGLISH SUMMARY:

Meghalaya, home to the wettest places on Earth, is facing a severe drought threat following an unprecedented 59 percent shortfall in South-West Monsoon rainfall this season. According to IMD data up to September 15, Meghalaya recorded the highest rainfall deficit in the country, plunging 10 out of its 11 districts into 'deficient' and 'large deficient' categories. Even the East Khasi Hills district, which encompasses rain-abundant hotspots Cherrapunji and Mawsynram, witnessed a staggering 53 percent drop in seasonal precipitation. This drastic climate shift threatens to devastate local agriculture, ruin traditional cash crops, and trigger acute drinking water shortages across rural communities in the coming months.