Credit: Copernicus Sentinel data (2026), processed by ESA
ഗ്രീന്‍ലന്‍ഡിലെ പീറ്റര്‍മാന്‍ ഗ്ലേസിയറില്‍ നിന്ന് മന്‍ഹാറ്റനോളം വലിപ്പത്തിലുള്ള കൂറ്റന്‍ മഞ്ഞുമല അടര്‍ന്ന് മാറിയെന്ന് റിപ്പോര്‍ട്ട്. 76 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന കൂറ്റന്‍ മഞ്ഞുപാളി ഓഗസ്റ്റ് നാലിനാണ് പൂര്‍ണമായി അടര്‍ന്ന് മാറിയത്. ഇത് വിണ്ടു തുടങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ നേരത്തേ ഉപഗ്രഹങ്ങള്‍ പുറത്തുവിട്ടിരുന്നു. 2012 ന് ശേഷം ഇതാദ്യമായാണ് ഇത്ര വലിയ അടര്‍ന്ന് മാറല്‍ ഹിമാനിയില്‍ സംഭവിക്കുന്നതെന്നും രണ്ട് വലിയ മഞ്ഞുമലകള്‍ കൂടി ക്രമേണെ അടര്‍ന്നു മാറിയേക്കാമെന്നും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ഗവേഷകര്‍ പറയുന്നു.
അടര്‍ന്നുമാറിയ മഞ്ഞുമല കപ്പലുകളുടെ സഞ്ചാരത്തിന് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോപ്പര്‍ നിക്കസ് സെന്‍റിനല്‍ 1 ആണ് പീറ്റര്‍മാന്‍ ഗ്ലേസിയറിലെ ഈ അടര്‍ന്നുമാറലിന്‍റെ ചിത്രം പകര്‍ത്തിയത്. കാലാവസ്ഥ വ്യതിയാനം ധ്രുവപ്രദേശങ്ങളില്‍ ത്വരിതഗതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഉദാഹരണമാണിതെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. 2019 മുതല്‍ പീറ്റര്‍മാന്‍ ഗ്ലേസിയറിനെ നിരീക്ഷിക്കുന്നതിനായി സെന്‍റനല്‍ 1 ഗവേഷകര്‍ ഉപയോഗിച്ചു വരുന്നു. മേഘാവൃതമായ അന്തരീക്ഷത്തിലും രാപ്പകല്‍ വ്യത്യാസമില്ലാതെ കൃത്യമായ ചിത്രങ്ങളെടുക്കാൻ കഴിയുന്ന റഡാര്‍ സംവിധാനങ്ങള്‍ ഇതിലുണ്ടെന്നതാണ് സവിശേഷത.
പുതുതായി രൂപപ്പെട്ട ഐസ് ഐലന്‍ഡിന് 150 മീറ്റര്‍ കനമുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഓഗസ്റ്റ് മൂന്നിനാണ് ഗ്ലേസിയറിലെ വിള്ളല്‍ ഭീമാകാരമാം വിധം വലുതായതായി സെന്‍റിനല്‍ 1 കണ്ടെത്തിയത്. പിറ്റേ ദിവസം തന്നെ ഹിമാനിയുടെ കിഴക്കന്‍ ഭാഗത്ത് നിന്നും മഞ്ഞുമലയായി വേര്‍പെടുകയായിരുന്നു. ഏപ്രിലിലാണ് പീറ്റര്‍മാന്‍ ഗ്ലേസിയറില്‍ ഗവേഷകര്‍ ആദ്യം വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ ഏത് സമയവും അടര്‍ന്ന് മാറല്‍ സംഭവിക്കാം എന്ന് ഉറപ്പിക്കുകയും ചെയ്തു.
ഗ്രീന്‍ലന്‍ഡിലെ തന്നെ ഏറ്റവും വലിയ ഹിമാനികളിലൊന്നായ പീറ്റര്‍മാന്‍ ഗ്ലേസിയറില്‍ നിന്ന് 2008 ലും 2010 ലും 2012ലും വലിയ അടര്‍ന്ന് മാറലുകള്‍ സംഭവിച്ചിട്ടുണ്ട്. 2012 ന് ശേഷം മഞ്ഞുമല ഏറെക്കുറെ സ്ഥിരമായി ഒഴുകുകയായിരുന്നു. അതേസമയം, നിലവില്‍ സംഭവിച്ച അടര്‍ന്നുമാറലാകില്ല പീറ്റര്‍മാന്‍ ഗ്ലേസിയറിലെ അവസാനത്തേതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 97 ഉം 87 ഉം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മഞ്ഞുമലകള്‍ കൂടി അടര്‍ന്നുമാറുമെന്നാണ് വിലയിരുത്തല്‍.