File Image: AFP
ഗുജറാത്തിലെ ഗിര്‍ വനത്തില്‍ ഒരാഴ്ചയ്ക്കിടെ എട്ട് സിംഹക്കുട്ടികള്‍ ചത്തു. ബാബേസിയോസിസ് എന്ന അണുബാധയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സിംഹക്കുഞ്ഞുങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് ഗുജറാത്തിലെ ബയോടെക്നോളജി റിസര്‍ച്ച് സെന്‍ററിലേക്ക് അയച്ചതായും വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായും വനംമന്ത്രി അര്‍ജുന്‍ മൊദ്വാദിയ അറിയിച്ചു. ഫലം വന്നാല്‍ മാത്രമേ മരണകാരണം കണ്ടെത്താനാകൂ. കൃത്യമായ കാരണം കണ്ടെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് നിര്‍ദേശം കൈമാറിയിട്ടുണ്ടെന്നും സിംഹക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തിയതിന് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ചെള്ളു നശീകരണം ഊര്‍ജിതമാക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സിംഹക്കുട്ടികളില്‍ രണ്ടെണ്ണം ചത്തത് ബാബേസിയോസിസ് ബാധിച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മറ്റുള്ളവയുടെ മരണകാരണമാണ് സ്ഥിരീകരിക്കാനുള്ളത്. 2018 ല്‍ കാനിന്‍ ഡിസ്റ്റെംപര്‍ വൈറസും ബാബേസിയയും ബാധിച്ച് 24 സിംഹങ്ങള്‍ ഒരു മാസത്തില്‍ ചത്തൊടുങ്ങിയിരുന്നു. സിംഹങ്ങളെ തിരഞ്ഞ് കണ്ടെത്തി പ്രത്യേകം പാര്‍പ്പിച്ചാണ് അന്ന് അധികൃതര്‍ രോഗം പടരുന്നത് തടഞ്ഞത്.
ബബേസിയ എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മ പരാദജീവി പരത്തുന്ന രോഗമാണ് ബാബേസിയോസിസ്. ചുവന്ന രക്താണുക്കളെയാണ് ഇത് ബാധിക്കുന്നത്. പരാദജീവി ഉള്ളില്‍ കടന്ന ചെള്ളുകള്‍ കടിക്കുമ്പോഴാണ് രക്തത്തില്‍ അണുബാധയുണ്ടാകുന്നത്.
ആഫ്രിക്കയില്‍ അല്ലാതെ ഗുജറാത്തിലെ ഗിറില്‍ മാത്രമാണ് ഏഷ്യല്‍ സിംഹങ്ങളെ സ്വാഭാവികമായി കണ്ടുവരുന്നത്. 2020 ല്‍ 674 സിംഹങ്ങളുണ്ടായിരുന്നത് 2025 ല്‍ 891 ആയി വര്‍ധിച്ചു. അമ്രേലി, ഗിര്‍ സോംനാഥ്, ഭാവ്നഗര്‍ എന്നിവിടങ്ങളിലേക്കും സിംഹങ്ങളുടെ ആവാസ കേന്ദ്രം വ്യാപിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.