ആരവല്ലി മലനിരകളിലെ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുതിയതായി ഖനനാനുമതി നല്‍കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഡല്‍ഹി മുതല്‍ ഗുജറാത്ത് വരെ ആരവല്ലി മലനിരകള്‍ വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം. നിലവില്‍ നടക്കുന്ന ഖനനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. ഏതെങ്കിലും മേഖലകളില്‍ ഘനനം നിര്‍ത്തലാക്കണോ എന്ന് പഠിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്ററി റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷനോട് കേന്ദ്രം നിര്‍ദേശിച്ചു.
ആരവല്ലി വിവാദത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചു കോൺഗ്രസ്. മലനിരകളെ പുനർനിർവചിക്കാനുള്ള മോദി സർക്കാർ കടുംപിടുത്തം മുതലാളിമാരെ സഹായിക്കാനാണെന്നാണ് വിമര്‍ശനം. ഖനനം വർദ്ധിക്കില്ലെന്ന സർക്കാർ വിശദീകരണം ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജയറാം രമേശ് വിമർശിച്ചു. സാമൂഹ്യ- പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം രാജസ്ഥാൻ അടക്കമുള്ള ഇടങ്ങളിൽ തുടരുകയാണ്. 100 മീറ്ററിന് മുകളിൽ ഉയരമുള്ളവ മാത്രമേ ആരവല്ലി മലനിരകളായി കണക്കാക്കു എന്ന ശാഠ്യം മോദി സർക്കാർ തുടരുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്നാണ് കോൺഗ്രസ് വിമർശനം.
ആരവല്ലി മലനിരകളെ പുനർനിർവചിക്കാനുള്ള മോദി സർക്കാർ നീക്കത്തെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ, സുപ്രീംകോടതി രൂപീകരിച്ചസെൻട്രൽ എംപവേർഡ് കമ്മിറ്റി,സുപ്രീം കോടതി അമിക്കസ് ക്യൂറി എന്നിവർ എതിർക്കുന്നുണ്ട്. എതിരായി ഉയർന്ന എല്ലാ വാദങ്ങളിലും കേന്ദ്ര പരിസ്ഥിതി മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയറാം രമേശ് വിമർശിച്ചു. ഡൽഹി മുതൽ രാജസ്ഥാൻ വരെ നീണ്ടുകിടക്കുന്ന ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന ആരവല്ലി മലനിരകളെ നിർവചിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന '100 മീറ്റർ മാനദണ്ഡം സുപ്രീംകോടതി അംഗീകരിച്ചതാണ് പ്രതിഷേധം ശക്തമാകാൻ കാരണം.
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 100 മീറ്റർ മാനദണ്ഡം നടപ്പാക്കിയാൽ ആരവല്ലിയിലെ 90 ശതമാനത്തോളം വരുന്ന താഴ്ന്ന മലനിരകൾക്കുള്ള സംരക്ഷണം നഷ്ടമാകും. ഇതോടെ ഖനനത്തിനും നിർമ്മാണങ്ങൾക്കും വഴിയൊരുങ്ങും. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്നത് 3 ഡിഗ്രി ചരിവുള്ള എല്ലാ മലനിരകളെയും ആരവല്ലിയുടെ ഭാഗമാക്കണമെന്നായിരുന്നു. ഇത് തള്ളിയാണ് തീരുമാനം. പുതിയ മാറ്റം വഴി ആരവല്ലിയുടെ 0.19% സ്ഥലത്ത് മാത്രമേ ഖനനം അനുവദിക്കൂ എന്നാണ് പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറയുന്നത്.