കുംഭമേളയ്ക്കായി മഹാരാഷ്ട്രയിലെ തപോവന പ്രദേശത്തെ മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 1200 ഏക്കറിലെ 1800 ഓളം മരങ്ങൾ മുറിക്കണമെന്ന നാസിക് മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. 2026 ഒക്ടോബർ 31ന് ആരംഭിക്കുന്ന കുംഭമേളയ്ക്കയാണ് മരങ്ങൾ മുറിക്കുന്നത്.
മുറിയ്ക്കേണ്ട മരങ്ങൾ ഇതിനോടകം കോർപ്പറേഷൻ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ പലതിനും 100 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ട് നാസിക് മുനിസിപ്പൽ കോർപറേഷൻ നൽകിയ നോട്ടീസിൽ നൂറുകണക്കിന് എതിർപ്പുകൾ ലഭിച്ചു. എൻസിപി അംഗവും നടനും പരിസ്ഥിതി പ്രവർത്തകനുമായ സയാജി ഷിൻഡെ തപോവനത്തിലെത്തി പ്രതിഷേധം നടത്തിയിരുന്നു.
ബിജെപിയുടെ ഹിന്ദുത്വം വ്യാജമാണെന്നും കരാറുകാർക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് മരംമുറിയെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു. കുംഭമേളയുടെ മറവിൽ മരങ്ങൾ വെട്ടിമാറ്റി പ്രിയപ്പെട്ട ചില വ്യവസായികൾക്ക് ഭൂമി ദാനംചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് എംഎൻഎസ് മേധാവി രാജ്‌താക്കറെ ആരോപിച്ചു. സർക്കാർ നിലപാടിൽ ഉറച്ചുനിന്നാൽ തൻ്റെ പാർട്ടി ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും രാജ് താക്കറെ പറഞ്ഞു.
വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും താമസിച്ചിരുന്നെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് തപോവൻ. ഗോദാവരി നദിയുടെ തീരമായ ഇവിടെ ഹനുമാനും ലക്ഷ്മണനും വേണ്ടിയുള്ള ക്ഷേത്രങ്ങൾ ഉണ്ട്. ഋഷിമാർ ധ്യാനം ചെയ്തിരുന്ന ധാരാളം ഗുഹകളും ഈ മേഖലയിലുണ്ട്.