രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകുന്നു. നഗരത്തില്‍ വിവിധയിടങ്ങളില്‍ വായുനിലവാരം ഗുരുതര വിഭാഗത്തിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ വയലുകൾ കത്തിക്കുന്നതാണ് മലിനീകരണം രൂക്ഷമാകാന്‍ കാരണം. മലിനീകരണം തടയാന്‍ നടപടിയാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധവുമുയര്‍ന്നു.
അനുദിനം മോശമാവുകയാണ് രാജ്യതലസ്ഥാനത്തെ അന്തരീക്ഷം. ഡല്‍ഹിയിലെ നഗര കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക നാനൂറു കടന്ന് ഗുരുതര വിഭാഭത്തിലായി. കുട്ടികളിലും പ്രായമായവരിലും ശ്വാസ കോശ രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. മലിനീകരണത്തില്‍ സഹികെട്ട ജനങ്ങളുടെ പ്രതിഷേധവും ഡല്‍ഹിയില്‍ അലയടിച്ചുതുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനമേറ്റെടുത്ത് ഇന്നലെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം ഇന്ത്യാ ഗേറ്റിനുസമീപം പ്രതിഷേധിച്ചു.
മലിനീകരണം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും നയം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ആം ആദ്മി പാർട്ടി നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പഞ്ചാബിലും ഹരിയാനയിലും വയലുകള്‍ കൃഷിക്ക് ഒരുക്കാനായി അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും ശൈത്യമെത്തിയതോടെ കാറ്റിന്‍റെ വേഗത കുറഞ്ഞതുമാണ് മലിനീകരണം രൂക്ഷമാക്കിയത്. അടുത്ത ഘട്ട നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുകയാണ്.