മൃഗശാലകള്‍ ജയിലുകളല്ലേ?.... ഈ ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളുമുണ്ടായേക്കാം. എന്നാല്‍ മൃഗങ്ങള്‍ക്ക് സംസാരിക്കാനായിരുന്നുവെങ്കില്‍ അതെ എന്ന ഉത്തരം മാത്രമായിരിക്കും മറുപടി. മൃഗശാലകളെക്കുറിച്ച് കനത്ത പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും വഴിവച്ച പുതിയൊരു സംഭവമാണ് ഡല്‍ഹി മൃഗശാലയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ ഏകാന്തവാസത്തിന് ശേഷം ഡല്‍ഹി മൃഗശാലയിലെ 29 വയസുള്ള ആഫ്രിക്കന്‍ കൊമ്പന്‍ ശങ്കര്‍ ചരിഞ്ഞു. ഏറ്റവുമധികം കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്ന ആന പോലൊരു ജീവി ഇത്രയും കാലം ഒറ്റപ്പെട്ട് ജീവിച്ച് തന്‍റെ യൗവനത്തില്‍ തന്നെ മരണത്തിന് കീഴടങ്ങിയത് മൃഗസ്നേഹികളില്‍ മാത്രമല്ല സാധാരണ ഏതൊരാളുടെ മനസിലും ചെറിയൊരു വിഷമം തോന്നിച്ചേക്കാം.
2 വയസ് മാത്രമുണ്ടായിരുന്ന രണ്ട് ആനക്കുട്ടികളെയാണ് 1998ല്‍ സിംബാബ്‌വേ ഇന്ത്യയ്ക്ക് നയതന്ത്ര സമ്മാനമായി കൈമാറിയത്. ഒരാണും ഒരു പെണ്ണും. അന്നത്തെ പ്രസിഡന്‍റായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയുടെ പേരാണ് ആണാനക്കുട്ടിയ്ക്ക് നല്‍കിയത്, 'ശങ്കര്‍'. ശങ്കറിനൊപ്പം എത്തിയ പിടിയാനക്കുട്ടിക്ക് വിംബൈ എന്നും പേരിട്ടു. ഇന്ത്യന്‍ ആനകളെ പരിശീലിപ്പിച്ച് ശീലിച്ച മൃഗശാലയിലെ പാപ്പാന്‍മാര്‍ക്ക് ആഫ്രിക്കന്‍ ആനകളെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. 2 വയസ് മാത്രമുണ്ടായിരുന്ന ആനക്കുട്ടികള്‍ സമാന പ്രായമുള്ള ഇന്ത്യന്‍ ആനകളെക്കാള്‍ ഏറെ വലുതായിരുന്നു. ഇതുകൊണ്ട് തന്നെ പാപ്പാന്‍മാര്‍ ആനക്കുട്ടികളെ മുതിര്‍ന്ന ആനകളെ നിയന്ത്രിക്കുന്ന നിലയിലാണ് പരിപാലിച്ചത്.
ഇന്ത്യന്‍ കാലാവസ്ഥയും ഭക്ഷണരീതിയും ആനക്കുട്ടികള്‍ക്ക് പ്രതികൂലമായിരുന്നു. രണ്ടുവര്‍ഷത്തെ ദുരിതജീവിതത്തിന് പിന്നാലെ 2001ല്‍ വിംബൈ ചരിഞ്ഞു. ഇതോടെയാണ് ശങ്കറിന്‍റെ ജീവിതം ദുസ്സഹമാകുന്നത്. ആനകള്‍ സാമൂഹ്യജീവികളാണ്. ഒറ്റായാന്‍ പോലും ആനക്കൂട്ടങ്ങളില്‍ നിന്ന് അധികം അകന്ന് നടക്കാറില്ല. എന്നാല്‍ ശങ്കര്‍ യഥാര്‍ഥത്തില്‍ ഒരൊറ്റയാനായി മാറുകയായിരുന്നു. ഏഷ്യയില്‍ അന്നുണ്ടായിരുന്ന ചുരുക്കം ആഫ്രിക്കന്‍ ആനകളില്‍ ഒന്നായിരുന്നു ശങ്കര്‍,. സ്വന്തം വര്‍ഗത്തിന്‍റെ മണം പോലുമില്ലാത്ത നാട്ടില്‍ ശങ്കര്‍ ഒറ്റപ്പെട്ടു.
ശങ്കറിന്‍റെ ഏകാന്തത മനസിലാക്കിയ മൃഗശാല അധികൃതര്‍ ശങ്കറിനെ മൃഗശാലയിലെ ഇന്ത്യന്‍ ആനകളുടെ കൂട്ടത്തിലേക്ക് തുറന്നുവിടുകയാണ് ചെയ്തത്. എന്നാല്‍ ഭാഷ അറിയാത്ത കുട്ടിയെ മറ്റൊരു നാട്ടിലേക്ക് തുറന്നുവിട്ട പോലെയായിരുന്നു ഈ സംഭവം. ശങ്കറിന് ഏഷ്യന്‍ ആനകളുമായി നിലനിന്ന് പോകാനായില്ല. മാത്രമല്ല ശങ്കറിന്‍റെ അസാധാരണ വലുപ്പം ആനക്കൂട്ടത്തിലെ മറ്റ് കൊമ്പന്‍മാരില്‍ നിന്നും ആക്രമണങ്ങളുണ്ടാകുന്നതിനും കാരണമായി.
ഈ സമയമായപ്പോഴേക്കും നയതന്ത്ര സമ്മാനത്തെക്കുറിച്ച് ഗവണ്‍മെന്‍റ് മറന്നുപോയിരുന്നു. ശങ്കര്‍ മൃഗശാലയിലെ മറ്റൊരു അന്തേവാസി മാത്രമായി മാറി. ഏറെനാള്‍ ഇന്ത്യന്‍ കൊമ്പന്‍മാരുടെ ആക്രമണം സഹിച്ച ശങ്കര്‍ ഒടുവില്‍ തിരിച്ചും ആക്രമിക്കാന്‍ തുടങ്ങി. ശങ്കറിന്‍റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഒരാനയ്ക്കുമായില്ല. ഒടുവില്‍ മൃഗശാല അധികൃതര്‍ ആ തീരുമാനമെടുത്തു. ശങ്കറിനെ ഒറ്റയ്ക്കൊരു കൂട്ടില്‍ ഇടാമെന്ന്. കൂടാതെ ശങ്കര്‍ ആക്രമാസക്തനാകയാല്‍ ചങ്ങലയിടാനും തീരുമാനമുണ്ടായി. അങ്ങനെ സ്വതന്ത്രനായി വിഹരിക്കേണ്ടിയിരുന്ന ആ ആഫ്രിക്കന്‍ കൊമ്പന്‍ മൃഗശാലയെന്ന ജയിലിലെ ചങ്ങലയിട്ട നിരപാരാധിയായ തടവുകാരനായി.
2009ലെ നിയമപ്രകാരം ആറ് മാസത്തില്‍ കൂടുതല്‍ ഒരാനയെ ഒറ്റയ്ക്ക് നിര്‍ത്താന്‍ പാടില്ലായിരുന്നു. എന്നാല്‍ 2012 മുതല്‍ ശങ്കര്‍ പൂര്‍ണമായും ഡല്‍ഹി മൃഗശാലയില്‍ ഒറ്റയ്ക്കായി. ശങ്കറിനെ മൃഗശാലയില്‍ നിന്നും മാറ്റാനും ആഫ്രിക്കന്‍ വനാന്തരങ്ങളിലേക്കയക്കാനും വര്‍ഷങ്ങളായി മൃഗസ്നേഹികളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് കേട്ടതായി നടിച്ചില്ല. കൂടാതെ പൂര്‍ണവളര്‍ച്ചയെത്തിയ അക്രമാസക്തനായ ഒരാനയെ നിയന്ത്രിക്കുന്നത് അതികഠിനമായ ഒരു ജോലിയുമായിരുന്നു.
ശങ്കറിനെ കൂടാതെ മൈസൂരു മൃഗശാലയിലും ഒരു ആഫ്രിക്കന്‍ കൊമ്പന്‍ ഉണ്ടായിരുന്നു. രണ്ടാനകള്‍ക്കും ഓരോ ഇണകളെ തിരയാന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമവും വിഫലമായി. മൃഗശാലയിലെ ഏകാന്തവാസം ശങ്കറിനെ ശാരീരികമായും മാനസികമായും തളര്‍ത്തി. 29 വയസ് ആനകളെ സംബന്ധിച്ച് ചെറു പ്രായമാണ്. 70 വയസുവരെ ശരാശരി ആയര്‍ദൈര്‍ഘ്യമുള്ള ജീവിയാണ് ആന. മനുഷ്യന്‍റെ ഉല്ലാസത്തിനായി വീണ്ടുമൊരു ജീവിയെ നരകിപ്പിച്ച് കൊല്ലണോ എന്ന ചോദ്യമുയര്‍ത്തുകയാണ് ശങ്കര്‍.